Breaking

Wednesday, May 20, 2020

മുമ്പ് 100 % ഇറക്കുമതി; ഇപ്പോള്‍ ഇന്ത്യ ദിവസേന നിര്‍മിക്കുന്നത് 4.5 ലക്ഷം പിപിഇ കിറ്റുകള്‍

ന്യൂഡൽഹി: വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിപി കിറ്റുകൾ) പൂർണമായും ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തുനിന്ന് ദിവസേന 4.5 ലക്ഷം യൂണിറ്റുകൾ ഉത്പാദിപ്പിച്ച് ഇന്ത്യ. 4.5 ലക്ഷം വ്യക്തി സുരക്ഷ ഉപകരണങ്ങൾ രാജ്യത്ത് ദിവസേന ഉത്പാദിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ രാജ്യത്തെ 600 ലധികം കമ്പനികൾക്ക് വ്യക്തി സുരക്ഷ ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് സർട്ടിഫിക്കറ്റ് ലഭിച്ചു വെന്നും അവർ പറഞ്ഞു. നേരത്തെ ഒരു പിപിഇ കിറ്റ് പോലും നിർമിക്കാതിരുന്ന രാജ്യമാണ് ഇന്ത്യ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ പിപിഇ കിറ്റുകൾ നിർമിക്കാൻ ആരംഭിച്ചത്. നേരത്തെ, എല്ലാ പിപിഇ കിറ്റുകളും രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. മെയ് 5 ന് പ്രതിദിനം 2.06 ലക്ഷം പിപിഇ കിറ്റുകൾ രാജ്യത്ത് ഉത്പാദിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഉത്പാദന നിരക്ക് ഇരട്ടിയാക്കാക്കാനും സാധിച്ചു. രണ്ടാഴ്ച മുമ്പ് 52 കമ്പനികൾ മാത്രമാണ് പിപിഇ കിറ്റുകൾ നിർമിച്ചിരുന്നത്. എന്നാൽ പിപിഇകൾ നിർമിക്കാൻ സർട്ടിഫിക്കറ്റ് ലഭിച്ച 600 കമ്പനികൾ ഇന്ത്യയിൽ ഉള്ളതിനാൽ ഇത് കുത്തനെ ഉയർന്നതായി സ്മൃതി ഇറാനി പറഞ്ഞു. ഈ മാസം ആദ്യം 2.22 കോടി പിപിഇ കിറ്റുകൾക്ക് രാജ്യം ഓർഡർ നൽകിയിരുന്നു. അതിൽ 1.43 കോടി ആഭ്യന്തര നിർമാതാക്കൾ നിർമിക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ധരിക്കുന്ന ഒരു പിപിഇ കിറ്റിൽ മാസ്ക്, ഐ ഷീൽഡ്, ഷൂ കവർ, ഗൗൺ ഗ്ലൗസുകൾ എന്നിവയാണുള്ളത്. പല ചെറുകിട കമ്പനികളും സർക്കാരിനായി കിറ്റുകൾ നിർമ്മിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3cRyJKo
via IFTTT