അമൃത്സർ: മഹാരാഷ്ട്രയിലെ തീർഥാടന കേന്ദ്രം സന്ദർശിച്ച് പഞ്ചാബിൽ മടങ്ങിയെത്തിയ 300 തീർഥാടകരിൽ 76 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നന്ദേഡിലെ ഹസൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച് മടങ്ങിയെത്തിയ അമൃത്സർ സ്വദേശികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പഞ്ചാബ് മെഡിക്കൽ എജ്യുക്കേഷൻ മന്ത്രി ഓം പ്രകാശ് സോണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നന്ദേഡിൽ നിന്ന് മടങ്ങിയെത്തിയ എട്ട് സിഖ് തീർഥാടകരിൽ തിങ്കളാഴ്ച വൈറസ് ബാധ സ്ഥീരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഗുരദ്വാരയിൽ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ 300 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇത്രയുമധികം പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ഞെട്ടിച്ചിരിക്കുകയാണെന്ന് മന്ത്രി ഓംപ്രകാശ് സോണി പറഞ്ഞു. അമൃത്സറിൽ ഇതുവരെ അഞ്ച് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. പുതിയ രോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. പഞ്ചാബിൽ 105 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 480 ആയി. ഇതിൽ 104 പേർക്ക് രോഗം ഭേദമായി. 20 പേരാണ് ഇതുവരെ പഞ്ചാബിൽ കോവിഡ് ബാധിച്ച് മരിച്ചത്. Content Highlights:76 out of 300 pilgrims test COVID-19 positive in Punjab after returning from Hazur Sahib
from mathrubhumi.latestnews.rssfeed https://ift.tt/2xt1Cxa
via
IFTTT