Breaking

Friday, May 1, 2020

ഇന്ധന വില്പനയിലെ ഇടിവ്: സർക്കാരിന്റെ വരുമാന നഷ്ടം 40,000 കോടി കടന്നേക്കും

മുംബൈ: കോവിഡ് തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ വഴി രാജ്യത്ത് പെട്രോൾ-ഡീസൽ-വിമാന ഇന്ധന വില്പന കുറഞ്ഞതിലൂടെ സർക്കാരിനുണ്ടായ നികുതി നഷ്ടം 40,000 കോടി രൂപ കടന്നേക്കും. ഏപ്രിലിൽ പെട്രോൾ -ഡീസൽ ഉപഭോഗത്തിൽ 80 ശതമാനത്തിൻറെയും വിമാന ഇന്ധന ഉപഭോഗത്തിൽ 90 ശതമാനത്തിൻറെയും കുറവുണ്ടായി. മാർച്ചിൽ പെട്രോളിന് 16.4 ശതമാനത്തിൻറെയും ഡീസലിന് 24.2 ശതമാനത്തിൻറെയും വിമാന ഇന്ധനത്തിൽ 32.4 ശതമാനത്തിൻറെയും ഉപഭോഗ ഇടിവുണ്ടായിരുന്നു. ഏപ്രിലിലെ മാത്രം നികുതി നഷ്ടം 40,000 കോടി കടക്കുമെന്നാണ് കെയർ റേറ്റിങ് കണക്കാക്കിയിരിക്കുന്നത്. അതായത് ദിവസം ശരാശരി 1,300 കോടി രൂപ. ലോകത്ത് എണ്ണ ഉപഭോഗത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഏതാണ്ട് 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ ആഗോളതലത്തിൽ അസംസ്കൃത എണ്ണവില കൂപ്പുകുത്തിയത് രാജ്യത്തിന് ഗുണകരമാകേണ്ടതാണ്. കറൻറ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും വിദേശ നാണ്യം പുറത്തേക്ക് പോകുന്നതുമെല്ലാം നിയന്ത്രിക്കാൻ ഇത് സഹായകമാകുമായിരുന്നു. എന്നാൽ ഉപഭോഗം കുറഞ്ഞത് ഈ നേട്ടങ്ങളെല്ലാം ഇല്ലാതാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3aUM9U0
via IFTTT