Breaking

Wednesday, March 4, 2020

പരാതിക്കാരനും പ്രതികളും ഭായി ഭായി; എ.ടി.എം.തട്ടിപ്പുകേസിൽ പ്രതികൾ തടിയൂരി

മഞ്ചേരി: എ.ടി.എം.തട്ടിപ്പുകേസിൽ മഞ്ചേരി പോലീസ് ജാർഖണ്ഡിൽനിന്നും സാഹസികമായി പിടികൂടിയ അഞ്ചുപ്രതികൾ പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തി കേസിൽനിന്നും തടിയൂരി. കേസിൽ രണ്ടുസ്ത്രീകളടക്കം അഞ്ചുപേരെയാണ് രണ്ടുവർഷംമുമ്പ് പോലീസ് ജംതാര ജില്ലയിലെ കർമാട്ടറയിൽനിന്നും പിടികൂടിയത്. മാസങ്ങൾ നീണ്ടതും അപകടങ്ങൾ അതിജീവിച്ചുമാണ് പ്രതികളെ കുടുക്കിയത്. 2017-ലാണ് മഞ്ചേരിക്കാരനായ പരാതിക്കാരനിൽ നിന്നും ബാങ്കിൽനിന്നെന്നപേരിൽ വിളിച്ച് ഒ.ടി.പി.നമ്പർ കൈക്കലാക്കി ഒന്നരലക്ഷത്തോളം രൂപ കവർന്നത്. ആദ്യശ്രമത്തിൽ പോലീസിന്റെ സാന്നിധ്യം അറിഞ്ഞ് പ്രതികൾ രക്ഷപ്പെട്ടു. മാവോവാദിപ്രദേശമായതിനാൽ അന്വേഷണം നടത്തുന്നതിനും തടസ്സമുണ്ടായിരുന്നു. പിന്നീട് ദേവ്ഗഢിലെ സാറത്തിൽ പ്രതികളെ തിരഞ്ഞപ്പോൾ ജനക്കൂട്ടം എതിർത്തു. അക്രമാസക്തമായതോടെ ശ്രമം ഉപേക്ഷിച്ചു. ഒരാഴ്ചയോളം ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരുമാസത്തിനുശേഷം സായുധസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ 45-കാരിയായ സ്ത്രീയെ പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു പ്രതി ജയിലിലാണെന്ന് അറിഞ്ഞത്. രണ്ടുപേരുമായി മടങ്ങിയ പോലീസ് പിന്നീടുള്ള ശ്രമങ്ങളിലാണ് യുവതിയുൾപ്പടെ മൂന്നുപേരെ പിടികൂടിയത്. നാലുതവണയാണ് പ്രതികളെ തിരഞ്ഞ് പോലീസ് ജാർഖണ്ഡിൽ പോയത്. വേഷംമാറിയും കേരളത്തിൽ ജോലിചെയ്യുന്ന ജാർഖണ്ഡിലെ തൊഴിലാളികളുടെ സഹായവുമൊക്കെ തേടിയാണ് പ്രതികളെ കണ്ടെത്തിയത്. കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ മുങ്ങി. തുടർന്ന് മഞ്ചേരി മജിസ്ട്രേറ്റ് കോടതി അറസ്റ്റുവാറന്റും പുറപ്പെടുവിച്ചിരുന്നു. കേസ് ഒത്തുതീർപ്പായെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. അതോടെയാണ് എഫ്.ഐ.ആർ.റദ്ദാക്കാൻ ഹൈക്കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് സൈബർകേസുകളിൽ കൂടുതൽ പ്രതികളെ പിടികൂടുന്നത് മലപ്പുറം പോലീസിന്റെ പ്രത്യേക സ്ക്വാഡാണ്. സൈബർതട്ടിപ്പുകേസിൽ നൈജീരിയ,കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നും പിടികൂടിയ പത്തോളംപേർ ഇപ്പോഴും ജയിലിലാണ്. കർമാർട്ടറിലെ സൈബർകള്ളന്മാർ ജംതാരജില്ലയിലാണ് കർമാട്ടർ ഗ്രാമം സ്ഥിതിചെയ്യുന്നത്. പണ്ടുകാലങ്ങളിൽ വാഹനയാത്രികരെ കൊള്ളയടിച്ചിരുന്ന സംഘം പിന്നീട് ഓൺലൈൻ തട്ടിപ്പിലേക്ക് തിരിഞ്ഞു. ബാങ്കിൽനിന്നെന്ന പേരിൽ വിളിക്കുകയും എ.ടി.എം. കാർഡ് തകരാറിലാണെന്ന് അറിയിക്കുകയുംചെയ്യും. തന്ത്രപരമായി ഒ.ടി.പി.നമ്പർ കൈക്കലാക്കും. ഇ.വാലറ്റ് വഴി പണം അപഹരിക്കുകയും ചെയ്യും. രാജ്യത്താകമാനം സംഘം തട്ടിപ്പ് നടത്തുന്നുണ്ട്. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെങ്കിലും ഇംഗ്ലീഷും കംപ്യൂട്ടർ പരിജ്ഞാനവും ഇവർക്കുണ്ട്. പ്രതികൾ പിടിയിലായപ്പോൾ അവരുടെ അക്കൗണ്ടുകളിലേക്ക് ആ ആഴ്ചയിൽമാത്രം എട്ടുമുതൽ 10-ലക്ഷം രൂപവരെ എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2VM0ka7
via IFTTT