പുതുക്കാട്: ദേശീയപാതയിൽ പുതുക്കാട് സെന്ററിൽ സിഗ്‌നൽ തെറ്റിച്ച് അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ യുവതി പിടികൂടി. ആമ്പല്ലൂർ എരിപ്പോട് വെളുത്തൂക്കാരൻ നിയോണിന്റെ ഭാര്യ ഡ്യൂണയാണ് ബൈക്ക് യാത്രക്കാരനായ യുവാവിനെ പിടിച്ച് പോലീസിലേൽപ്പിച്ചത്. അമിതവേഗത്തിൽ സിഗ്‌നൽ തെറ്റിച്ചെത്തിയ ആഡംബര ബൈക്ക് ഡ്യൂണയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിലത്തുവീണ യുവതിയെ സഹായിക്കാൻപോലും നിൽക്കാതെ വെണ്ടോർ സ്വദേശിയായ യുവാവ് കടന്നുകളയാൻ ശ്രമിച്ചു. ചാടിയെഴുന്നേറ്റ് ബൈക്ക് തടഞ്ഞ യുവതി യുവാവിന്റെ ഷർട്ടിൽ പിടിച്ചുനിർത്തുകയായിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചുകൂടി. തുടർന്ന് പുതുക്കാട് എസ്.ഐ. മണികണ്ഠൻ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട് നടുറോഡിൽ വീണിട്ടും ആത്മധൈര്യത്തോടെ പ്രവർത്തിച്ച ഡ്യൂണയെ നാട്ടുകാരും പോലീസും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പുതുക്കാട്ട് പ്രവർത്തിക്കുന്ന സഹകരണസംഘത്തിലെ ജീവനക്കാരിയാണ് ഡ്യൂണ.
from mathrubhumi.latestnews.rssfeed http://bit.ly/2EZitbs
via
IFTTT