ആലപ്പുഴ: മേയ് മാസത്തിൽ മികച്ച വരുമാനനേട്ടവുമായി കെ.എസ്.ആർ.ടി.സി. 200.91കോടി രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്. റൂട്ടുകൾ ശാസ്ത്രീയമായി പുനഃക്രമീകരിച്ചതും പുതിയ ചെയിൻ സർവീസുകൾ ആരംഭിച്ചതുമാണ് ഇതിന് പ്രധാന കാരണമെന്ന് കെ.എസ്.ആർ.ടി.സി. അവകാശപ്പെടുന്നു. ജനുവരിയിൽ 189, ഫെബ്രുവരിയിൽ 168, മാർച്ചിൽ 183, ഏപ്രിലിൽ 189 കോടി രൂപ വീതമായിരുന്നു വരുമാനം. ഇൻസ്പെക്ടർമാരെ വിവിധ സ്ഥലങ്ങളിൽ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിച്ചതും കൃത്യമായ വിലയിരുത്തലുകളും തിരുത്തൽ നടപടികൾ സ്വീകരിച്ചതും വരുമാനവർധനയ്ക്ക് കാരണമായി. സൂപ്പർ ഫാസ്റ്റ് ചെയിൻ സർവീസുകൾ ആദ്യഘട്ടത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും പിന്നീട് പരാതി ഉയർന്നപ്പോൾ പുനഃക്രമീകരണങ്ങൾ നടത്തി പരിഹാരമുണ്ടാക്കിയിരുന്നു. ഇവ 15 മിനിറ്റ് ഇടവേളകളിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയും തിരിച്ചും ക്രമീകരിച്ചിരുന്നു. അതിന് റിസർവേഷൻ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞതും വരുമാനത്തിൽ നേട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരുവിധ സ്പെഷ്യൽ സർവീസുകളും ഇല്ലാതിരുന്ന മേയ് മാസത്തിൽ ഇത്രയും വരുമാനം നേടാൻ സാധിച്ചത് കെ.എസ്.ആർ.ടി.സി.ക്ക് അഭിമാനനേട്ടമായി. കൂടാതെ, പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിൻ സർവീസുകൾ അടക്കം മറ്റ് ഓർഡിനറി ചെയിൻ സർവീസുകൾ ജനങ്ങൾക്ക് ആവശ്യമുള്ള സമയത്ത് ലഭിക്കുന്നതിനുള്ള ക്രമീകരണം കെ.എസ്.ആർ.ടി.സി. നടത്താൻ പോകുന്നുണ്ട്. ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം വർധിപ്പിക്കുന്നതിനൊപ്പംതന്നെ ഓരോ ലിറ്റർ ഡീസലിന് ലഭിക്കുന്ന വരുമാനം ഉയർത്തി ചെലവ് കുറയ്ക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വടക്കൻ മേഖലകളിൽനിന്ന് കൂടുതൽ സർവീസുകൾ ആവശ്യപ്പെട്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ ലഭിക്കുന്നത്. ഈ സർവീസുകളും കൂടുതൽ അന്തസ്സംസ്ഥാന സർവീസുകളും ആരംഭിക്കുന്നതോടെ കളക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിക്കും. തമിഴ്നാട്ടിലേക്ക് കൂടുതൽ ബസുകൾ ആലപ്പുഴ: തമിഴ്നാടുമായി പുതുക്കിയ അന്തസ്സംസ്ഥാന ബസ് സർവീസ് കരാർ പ്രകാരം കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി. നടപടി ആരംഭിച്ചു. ഇതു സംബന്ധിച്ച നിർദേശം കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽനിന്ന് ബന്ധപ്പെട്ട യൂണിറ്റ് അധികാരികൾക്കും മേഖലാ അധികാരികൾക്കും ലഭിച്ചു. കണ്ണൂർ - കോയമ്പത്തൂർ, കോട്ടയം - പഴനി , എറണാകുളം - പഴനി, സുൽത്താൻ ബത്തേരി - കോയമ്പത്തൂർ, മാനന്തവാടി - കോയമ്പത്തൂർ, തൃശ്ശൂർ - ഊട്ടി, അർത്തുങ്കൽ - വേളാങ്കണ്ണി, കോഴിക്കോട് - ഗൂഡല്ലൂർ എന്നിവയാണ് പുതിയ സർവീസുകൾ. Content highlights:KSRTC earns over Rs 200 crore in May, record in this year
from mathrubhumi.latestnews.rssfeed http://bit.ly/2wDG7p3
via
IFTTT