കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചാൽ രാഹുൽഗാന്ധിക്ക് ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി ഉറപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. രണ്ടു സ്വതന്ത്രരെ കൂടെക്കൂട്ടാനാണ് നീക്കം. ഇതിനായി എൻ.സി.പി.യെ കോൺഗ്രസിൽ ലയിപ്പിക്കാൻ ശ്രമംനടക്കുന്നതായുള്ള വാർത്തകൾ ഹൈക്കമാൻഡ് വൃത്തങ്ങൾ തള്ളി. പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാൻ 54 അംഗങ്ങളാണ് വേണ്ടത്. മഹാരാഷ്ട്രയിൽനിന്ന് എൻ.സി.പി.യുടെ പിന്തുണയോടെ ജയിച്ച സ്വതന്ത്രസ്ഥാനാർഥിയെ കോൺഗ്രസിനൊപ്പം നിർത്തിയേക്കും. ഇതിന് ശരദ്പവാറും എതിരല്ലെന്നാണറിയുന്നത്. ഒരംഗത്തെക്കൂടി കണ്ടെത്താൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്നനിലയിൽ പ്രതിപക്ഷ നേതൃപദവി കിട്ടാൻ നിയമപരമായി കോൺഗ്രസിന് അർഹതയുണ്ടെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. 10 ശതമാനം അംഗങ്ങളില്ലാതിരുന്നിട്ടും ഡൽഹി നിയമസഭയിൽ ബി.ജെ.പി.ക്ക് ആം ആദ്മി പാർട്ടി പ്രതിപക്ഷ നേതൃപദവി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.സി.സി. സമ്മേളനം വിളിക്കുന്നകാര്യം യോഗത്തിൽ ശനിയാഴ്ച ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചർച്ചചെയ്തേക്കുമെന്നാണ് സൂചന. കോൺഗ്രസ് ഭരണഘടനപ്രകാരം പ്രവർത്തകസമിതി പ്രമേയങ്ങൾ എ.ഐ.സി.സി. അംഗീകരിക്കണം. മേയ് 25-നു ചേർന്ന പ്രവർത്തക സമിതിയിൽ രാഹുൽ രാജിവെക്കുകയാണെന്ന് പറഞ്ഞെങ്കിലും തള്ളിയിരുന്നു. ഇതംഗീകരിക്കണമെങ്കിൽ എ.ഐ.സി.സി. സമ്മേളനം വിളിക്കണം. അല്ലെങ്കിൽ രാഹുലിന്റെ രാജി അംഗീകരിക്കാൻ വീണ്ടും പ്രവർത്തകസമിതി ചേരണം. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും രാജ്യമെമ്പാടുമുള്ള രണ്ടായിരത്തോളം പ്രതിനിധികളുമായി സംവദിക്കാനും രാഹുൽഗാന്ധിക്ക് എ.ഐ.സി.സി. സമ്മേളനത്തിലൂടെ അവസരം ലഭിക്കും. കോൺഗ്രസ് പുനരുജ്ജീവിപ്പിക്കുന്നതിന്റെ തുടക്കം കുറിക്കാനും ഇതുവഴിയാവും. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ശനിയാഴ്ച 10.30-ന് പാർലമെന്റ് അനക്സിൽ നടക്കും. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി അധ്യക്ഷതവഹിക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പങ്കെടുക്കും. പാർലമെന്ററി പാർട്ടിയുടെ പുതിയ നേതാവിനെ എം.പി.മാർ ശനിയാഴ്ചതന്നെ തിരഞ്ഞെടുത്തേക്കും. നിലവിൽ സോണിയാഗാന്ധിയാണ് ചെയർമാൻ. കഴിഞ്ഞ ശനിയാഴ്ചത്തെ പ്രവർത്തകസമിതി യോഗത്തിൽനിന്ന് നിരാശനായി ഇറങ്ങിപ്പോയശേഷം രാഹുൽ ആദ്യമായാണ് പാർട്ടി നേതാക്കളെ ഒന്നിച്ചുകാണുന്നത്. കേരളത്തിൽനിന്നുള്ള എം.പി.മാർ സോണിയയെയും രാഹുലിനെയും പ്രത്യേകം കാണുമെന്നാണറിയുന്നത്. രാഹുലിനോട് രാജിയിൽനിന്ന് പിന്മാറണമെന്ന് ഇവർ ആവശ്യപ്പെടും. Content Highlights:Rahul Gandhi, Congress, NCP
from mathrubhumi.latestnews.rssfeed http://bit.ly/2I9tPu9
via
IFTTT