Breaking

Wednesday, February 27, 2019

സ്വയം ചിന്തിക്കും, ശത്രുരാജ്യങ്ങള്‍ക്ക് ഭീഷണിയാവാന്‍ ബോയിങിന്റെ ഡ്രോണ്‍

നിർമിത ബുദ്ധി അടിസ്ഥാനമാക്കി സ്വയം ചിന്തിച്ച് പ്രവർത്തിക്കാൻ ശേഷിയുള്ള ജെറ്റ് ഡ്രോണുകൾ നിർമിക്കാനൊരുങ്ങി ബോയിങ് ഓസ്ട്രേലിയ. മനുഷ്യ നിയന്ത്രിത വിമാനങ്ങൾക്ക് അകമ്പടി വിമാനങ്ങളായി ഉപയോഗിക്കാനാവുന്ന ഡ്രോണുകൾ നിർമിക്കാനാണ് ബോയിങിന്റെ പദ്ധതി. സ്വയം പ്രവർത്തിക്കാനും മനുഷ്യനിയന്ത്രണത്തിൽ പ്രവർത്തിക്കാനും മറ്റ് വിമാനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാനും കഴിയും വിധമാണ് ഇതിന്റെ സോഫ്റ്റ് വെയർ തയ്യാറാക്കുന്നത്. എയർ പവർ ടീമിങ് സിസ്റ്റം എന്നാണ് ഇതിനെ വിളിക്കുക. 38 അടി നീളമുള്ള ഒറ്റ എഞ്ചിൻ മാത്രമുള്ള ഈ ഡ്രോണുകൾക്ക് 3200 കിലോമീറ്റർ സഞ്ചരിക്കാനാവും. യുദ്ധരംഗങ്ങളിലും ശത്രുസങ്കേതപരിശോധനയ്ക്കും, സുരക്ഷാ നിരീക്ഷണങ്ങൾക്കുമെല്ലാം ഇത് ഉപയോഗിക്കാം. ഈ ചുമതലകൾ ആവശ്യത്തിനനുസരിച്ച് മാറ്റാം. ആകാശത്ത് വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതാവും ഈ ബോയിങ് ഡ്രോൺ എന്ന് ബോയിങ് ഓട്ടോണമസ് സിസ്റ്റം ജനറൽ മാനേജറും വൈസ് പ്രസിഡന്റുമായ ക്രിസ്റ്റിൻ റോബർട്ട്സൺ പറഞ്ഞു. ലോയൽ വിങ്മാൻ- അഡ്വാൻസ്ഡ് ഡെവലപ്മെന്റ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ മാതൃക മെൽബണിൽ നടന്ന ഓസ്ട്രേലിയ ഇന്റർനാഷണൽ എയർഷോയിൽ കമ്പനി പ്രദർശിപ്പിച്ചു. ഒരു ഓസ്ട്രേലിയൻ വ്യോമസേന വിമാനത്തെയും ഇ-7 വെഡ്ജ്ടെയ്ൽ എയർബോൺ വിമാനത്തേയും അനുഗമിക്കുന്ന മൂന്ന് ഡ്രോണുകളുടെ ദൃശ്യമാണ് ബോയിങ് പ്രദർശിപ്പിച്ചത്. ഓസ്ട്രേലിയയിലാണ് ഡ്രോണുകൾ നിർമിക്കുക. സഖ്യരാജ്യങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിട്ടുകൊണ്ടാണ് നിർമാണം. 2020 ൽ ഡ്രോണുകൾ ആദ്യ പറക്കലിന് സജ്ജമാക്കുമെന്നും ബോയിങ് പറഞ്ഞു. Content Highlights:Australia to build independently thinking drones


from mathrubhumi.latestnews.rssfeed https://ift.tt/2GOKdSp
via IFTTT