Breaking

Wednesday, February 20, 2019

ഭക്തിയുടെ നിറവില്‍ ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: വ്രതംനോറ്റ് കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ബുധനാഴ്ച. പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയർപ്പിക്കാൻ വിവിധദേശങ്ങളിൽ നിന്ന് നിരവധി ഭക്തർ തലസ്ഥാനത്തെത്തിക്കഴിഞ്ഞു. ഇനി മനസ്സു നിറച്ചുള്ള പൊങ്കാല സമർപ്പണം മാത്രം.ബുധനാഴ്ച രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. തോറ്റംപാട്ടുകാർ പാണ്ഡ്യരാജാവിന്റെ വധം കഴിയുന്ന ഭാഗം പാടിക്കഴിയുമ്പോൾ പൊങ്കാലയ്ക്ക് തുടക്കമാകും. ക്ഷേത്രതന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറും. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിമാർക്ക് കൈമാറും. തുടർന്ന് വലിയതിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലും തീ പകരും. ഇവിടെ നിന്നു പകർന്നുകിട്ടുന്ന ദീപമാണ് ക്ഷേത്രത്തിന് കിലോമീറ്ററുകൾ ചുറ്റളവിൽ ഭക്തർ ഒരുക്കുന്ന അടുപ്പുകളെ ജ്വലിപ്പിക്കുന്നത്.ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ഓളം ശാന്തിമാരെ വിവിധ മേഖലകളിൽ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 815 ബാലൻമാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയേകും. വ്യാഴാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കി പൂജയ്ക്ക് ശേഷം മടക്കയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 9.15-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.15-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. ചൊവ്വാഴ്ച രാവിലെ മുതൽ ക്ഷേത്രത്തിലേക്കും മറ്റ് പൊങ്കാല മേഖലയിലേക്കും ഭക്തർ എത്തിത്തുടങ്ങി. മുൻകൂട്ടി സ്ഥലം കണ്ടെത്തിയ ഭക്തർ അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ തുടങ്ങി. പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ഓരോ നിമിഷവും യുഗമായി മാറുന്ന ഭക്തർക്ക് മനസ്സിൽ തെളിഞ്ഞ ഭക്തിമാത്രം.


from mathrubhumi.latestnews.rssfeed https://ift.tt/2ScRAVh
via IFTTT