Breaking

Wednesday, February 20, 2019

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍നിയമനം ലഭിച്ചില്ല; വീണ്ടും ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം:  കണ്ടക്ടര്‍നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ വീണ്ടും കോടതിയിലേക്ക്. കെ.എസ്.ആര്‍.ടി.സി.യില്‍ റിസര്‍വ് കണ്ടക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെപോയ ഒരുകൂട്ടം ഉദ്യോഗാര്‍ഥികളാണ് വീണ്ടും ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്.

റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ നിയമനം അട്ടിമറിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയും ഇതിന് കൂട്ടുനിന്ന കെ.എസ്.ആര്‍.ടി.സി.യിലെയും പി.എസ്.സി. യിലെയും ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി വേണമെന്നുമാണ് ആവശ്യം.

2013 ലാണ് പി.എസ്.സി. റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. 20,000 പ്രതീക്ഷിത ഒഴിവുകള്‍ ഉണ്ടെന്നുകാട്ടി പരീക്ഷ നടത്തി 36,000 പേരുടെ മെയിന്‍ ലിസ്റ്റും 14,000 പേരുടെ സപ്ലിമെന്ററി ലിസ്റ്റും ഉള്‍പ്പെടെ 50,000 പേരുടെ ലിസ്റ്റാണ് പി.എസ്.സി. പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളില്‍ പിഴവ് പറ്റിയെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചതും ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി.

ഒഴിവുകള്‍ നിയമവിരുദ്ധമായി വെട്ടിക്കുറയ്ക്കാന്‍ കെ.എസ്.ആര്‍.ടി.സി.യും പി.എസ്.സി. ഉദ്യോഗസ്ഥരും നടപടി സ്വീകരിച്ചപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് എന്‍ജെഡി ഒഴിവുകള്‍ കൃത്യമായി ലഭിക്കാതായി എന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. റിസര്‍വ് കണ്ടക്റ്റര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുംമുന്‍പ് ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നല്‍കിയ ആലപ്പുഴ സ്വദേശികളായ റാങ്ക് ഹോള്‍ഡേഴ്സാണ് ജൂഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ വീണ്ടും സമീപിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2Ek6wgn
via IFTTT