തിരുവനന്തപുരം: ലോകപ്രശസ്തിയാര്‍ജ്ജിച്ചതും ഭൗമശാസ്ത്ര സൂചികയില്‍ ഇടം നേടിയതുമായ കുത്താംപുള്ളി സാരികള്‍ ഇനി ഹാന്റക്‌സിലൂടെ ജനങ്ങളിലേക്ക്. സാരിയുടെ ബോര്‍ഡറിലെ വ്യത്യസ്തത കൊണ്ടും സവിശേഷമായ ഡിസൈനിംഗ് സാങ്കേതികതകൾ ഉപയോഗിച്ച് തയാറാക്കുന്ന മുന്താണി കൊണ്ടും ഇന്ത്യയിലെ മറ്റു പരമ്പരാഗത സാരികളില്‍ നിന്നും കുത്താംപുള്ളി വ്യത്യസ്തമാണ്. ഡിമാന്‍ഡ് കൂടിയ കുത്താംപുള്ളി സാരികള്‍ പവര്‍ ലൂമില്‍ ഉല്‍പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമായതോടെ യഥാര്‍ത്ഥ കുത്താംപുള്ളി സാരിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
കളര്‍ ചെയ്യാത്ത കോട്ടണ്‍ നൂല്‍ ഉപയോഗിച്ച് ബോര്‍ഡറിലും മുന്താണിയിലും കസവു നൂല്‍ കൊണ്ടുള്ള ആകര്‍ഷകമായ ഡിസൈനുകള്‍ വരുത്തിയാണ് പരമ്പരാഗത കുത്താംപുള്ളി സാരികള്‍ ഉല്‍പാദിപ്പിക്കുന്നത്. സവിശേഷതകളേറെയുണ്ടെങ്കിലും ഇത്തരം കളര്‍ ചെയ്യാത്ത വെളുത്ത നിറത്തിലുള്ള സാരികളുടെ ഉപയോഗം പ്രത്യേക അവസരങ്ങളില്‍ മാത്രമായി ചുരുങ്ങിയിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് എല്ലാ അവസരത്തിലും ഉപയോഗിക്കുവാന്‍ സാധിക്കുന്ന വിധം കളര്‍ സാരികള്‍ ഡിസൈന്‍ ചെയ്ത് കുത്താംപുള്ളി സ്റ്റൈലില്‍ പുറത്തിറക്കാന്‍ ഹാന്റക്‌സ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഹാന്റക്‌സ് മുന്‍കൈയെടുത്ത് ആവശ്യമായ തുക അഡ്വാന്‍സായി നല്‍കി കുത്താംപുള്ളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ 30 പരമ്പരാഗത തറികളില്‍ കളര്‍ സാരികള്‍ ഉല്‍പ്പാദിപ്പിക്കാനാരംഭിച്ചു.
ആകര്‍ഷകമായ കളറുകളും, പരമ്പരാഗത കുത്താംപുള്ളി ഡിസൈനും കോര്‍ത്തിണക്കി ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തികൊണ്ടാണ് ഈ സാരികള്‍ ഉത്പാദിപ്പിച്ചു വരുന്നത്. നെയ്ത്തുകാരന്റെ കരവിരുത് വളരെ ആവശ്യമുള്ള ഈ സാരികളുടെ ഉല്‍പാദനത്തിന് ഉയര്‍ന്ന കൂലി ഉറപ്പാക്കികൊണ്ടാണ് ഹാന്റക്‌സ് ഉല്‍പാദനം നടത്തുന്നത്.
from Anweshanam | The Latest News From India https://ift.tt/2BRT7dW
via IFTTT