Breaking

Wednesday, February 27, 2019

ഐ എം വിജയൻറെ പേരിൽ അന്താരാഷ്ട്ര നിലവാരമുള്ള ജില്ലാ സ്റ്റേഡിയം കോംപ്ലക്‌സ് തൃശൂരിൽ; മന്ത്രി ഇ പി ജയരാജന്‍ തറക്കല്ലിട്ടു

തൃശൂര്‍: കേരളത്തിന്റെ അഭിമാന ഫുട്‍ബോൾ താരം ഐ എം വിജയൻറെ പേരിൽ അന്താരാഷ്ട്ര നിലവാരമുള്ള ജില്ലാ സ്റ്റേഡിയം കോംപ്ലക്‌സിന് തൃശൂരിലെ ലാലൂരിൽ കായിക മന്ത്രി ഇ പി ജയരാജന്‍ തറക്കല്ലിട്ടു. കേരളത്തിന്റെ ഏറ്റവും ജനകീയനായ ഫുട്‍ബോൾ താരത്തിനുള്ള വലിയ അംഗീകാരമാണിത്. ചെറിയ നിലയിൽ നിന്നും ഇന്ത്യയിലെ ഏറ്റവും മികച്ച താരമായി ഉയർന്ന വിജയൻ ഫുട്‍ബോളിൽ വളർന്നു വരുന്ന തലമുറകൾക്ക് മാതൃകയാണ്. 

സിന്തറ്റിക് ടർഫോട് കൂടിയ ഫുട്‍ബോൾ ഗ്രൗണ്ടും ടെന്നീസ് കോർട്ടും സ്വിമ്മിങ് പൂളും അടങ്ങിയതാണ് കോംപ്ലക്സ്. വിശാലമായ പവലിയൻ, വിഐപി ലോഞ്ച്, ഓഫീസ് റൂമുകൾ,കോൺഫറൻസ് ഹാൾ, മീഡിയ റൂം, മെഡിക്കൽ റൂം, അതിഥി മുറികൾ, ഡോർമിറ്ററികൾ, ലഘു ഭക്ഷണശാല, ശുചിമുറികൾ, മഴവെള്ള സംഭരണി, എയർ കണ്ടീഷനിംഗ് സജ്ജീകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ കോംപ്ലക്സിൽ ഉണ്ടാകും.

കായികരംഗത്ത് കേരളത്തെ ലോക നിലവാരത്തിലേക്ക് എത്തിക്കുകയാണ് ഈ സർക്കാരിന്റെ ലക്‌ഷ്യമെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി 700 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പതിനാല് ജില്ലാ സ്റ്റേഡിയങ്ങൾക്ക് പുറമെ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി ഉന്നത നിലവാരത്തിലുള്ള 54 സ്റ്റേഡിയങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
 



from Anweshanam | The Latest News From India https://ift.tt/2UaFw8w
via IFTTT