Breaking

Sunday, November 11, 2018

റിയാലിറ്റി ഷോ വമ്പന്‍ ഹിറ്റ്; പുതിയ ഗായകരെ തേടി റഹ്മാന്‍

സംഗീതലോകത്തിലെ ഏറ്റവും പുതിയ സ്പന്ദനങ്ങള്‍ അറിയുന്ന സംഗീതജ്ഞനാണ് എ.ആര്‍ റഹ്മാന്‍. സംഗീതത്തിലെ പോലെ സംഗീത റിയാലിറ്റി ഷോകളിലും വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് അദ്ദേഹം. പുതിയ കാലത്തെ പാട്ടുകാര്‍ക്കായി സമ്പൂര്‍ണ ഡിജിറ്റല്‍ മ്യൂസിക് റിയാലിറ്റി ഷോയുമായാണ് റഹ്മാന്റെ രംഗപ്രവേശം. 'എറൈവ്ഡ്' എന്ന് പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോയുടെ ആദ്യഭാഗം യുട്യൂബിലെത്തി. 

അതിനാടകീയത ഇല്ല, അനാവശ്യ വലിച്ചു നീട്ടലുകളുമില്ല. ചടലവും ആകര്‍ഷകവുമാണ് അരമണിക്കൂര്‍ നീളുന്ന ആദ്യ എപ്പിസോഡ്. ഗായകന്‍ ഷാന്‍, യുട്യൂബ് താരം വിദ്യാ വോക്‌സ്, സംഗീത സംവിധായകന്‍ ക്ലിന്റണ്‍ എന്നിവരാണ് റഹ്മാനൊപ്പം റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളായെത്തുന്നത്. 13 ഭാഗങ്ങളായാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഗായകരില്‍ നിന്ന് മുംബൈയില്‍ വച്ചു നടത്തിയ ഓഡിഷനിലൂടെ കണ്ടെത്തിയ 45 പേരാണ് ആദ്യഘട്ടത്തില്‍ മാറ്റുരയ്ക്കുക. ഇവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കായിരിക്കും റിയാലിറ്റി ഷോയുടെ ബൂട്ട്ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരം. 

ചെന്നൈയിലെ എ.എം സ്റ്റുഡിയോയില്‍ ഇരുന്നാണ് റഹ്മാനും സുഹൃത്തുക്കളും ക്യാമ്പിലേക്കുള്ള 30 ഗായകരെ തിരഞ്ഞെടുക്കുന്നത്. മുംബൈയിലെ ഓഡിഷനില്‍ ഇവര്‍ പാടി റെക്കോര്‍ഡ് ചെയ്ത വീഡിയോ സ്റ്റുഡിയോയില്‍ ഇരുന്ന് വിധികര്‍ത്താക്കള്‍ കാണുന്നു. വിദ്യാ വോക്‌സ് അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഈ പ്രക്രിയയില്‍ പങ്കു ചേരും. 

ഷാരൂഖ് ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം സീറോയില്‍ ഒരു ഗാനം ആലപിക്കാനുള്ള സുവര്‍ണാവസരമാണ് റിയാലിറ്റി ഷോയുടെ വിജയികളെ കാത്തിരിക്കുന്നത്. പതിവ് ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ വഴികളിലൂടെയല്ല റഹ്മാന്റെ ഷോയുടെ സഞ്ചാരം എന്നതും 'എറൈവ്ഡി'നെ വ്യത്യസ്തമാക്കുന്നു. 



from Anweshanam | The Latest News From India https://ift.tt/2PQt1jx
via IFTTT