Breaking

Friday, November 30, 2018

ബാങ്കുകൾ പലവിധം. വിവിധതരം ബാങ്കുകളെ അടുത്തറിയാം

ബാങ്കുകളുടെ ഘടനയും സേവനങ്ങളും അടിസ്ഥാനമാക്കി ബാങ്കുകളെ പല വിധത്തിൽ തരം തിരിച്ചിരിക്കുന്നു. വിവിധതരം ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1. വാണിജ്യബാങ്കുകൾ

പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും പരമ്പരാഗത നിക്ഷേപ-വായ്പ സേവനങ്ങൾ, മണി ട്രാൻസ്ഫർ തുടങ്ങിയവ നേരിട്ട് നൽകുന്ന ബാങ്കുകളാണ് വാണിജ്യ ബാങ്കുകൾ. ഇവയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, റീജിനൽ റൂറൽ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
2. ഷെഡ്യൂൾഡ് ബാങ്കുകൾ

റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലും, നിരീക്ഷണത്തിലും മേൽനോട്ടത്തിലുമാണ് വാണിജ്യ ബാങ്കിങ് ഇടപാടുകൾ നടത്തുന്നത്. റിസർവ് ബാങ്ക് നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടുത്തി അംഗീകാരം നൽകിയിരിക്കുന്ന വാണിജ്യബാങ്കുകളെ എല്ലാം ചേർത്ത് ഷെഡ്യൂൾഡ് ബാങ്ക് എന്നു വിളിക്കുന്നു. എല്ലാ പൊതു മേഘലാ ബാങ്കുകളും, സ്വകാര്യ ബാങ്കുകളും, ഫോറിൻ ബാങ്കുകളും, റീജിനൽ റൂറൽ ബാങ്കുകളും, സഹകരണ ബാങ്കുകളും ഇതിൽപെടുന്നു.

 

 

3. ദേശസാൽകൃത ബാങ്കുകൾ

പൊതുമേഖലയിൽ നിലവിലുണ്ടായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയേയും പ്രാദേശിക അസോഷ്യേറ്റ് ബാങ്കുകളേയും ഓഴിവാക്കിയാൽ 1969 നു മുൻപ് ഇന്ത്യയിൽ നിലനിന്നിരുന്ന എല്ലാ വാണിജ്യ ബാങ്കുളും സ്വകാര്യ മേഖലയിൽ ആയിരുന്നു പ്രവർത്തിച്ചത്. 1969 ൽ പ്രമുഖ സ്വകാര്യ ബാങ്കുകളേയും 1980 ൽ മറ്റ് ആറ് ബാങ്കുകളേയും ദേശസാൽകരിച്ച് സർക്കാർ ഉടമസ്ഥതയിലാക്കി. സമൂഹത്തിലെ പാവപ്പെട്ടവർക്കും കൃഷി, വ്യവസായം തുടങ്ങിയ മുൻഗണനാ വിഭാഗങ്ങൾക്കും സുഗമമായി വായ്പ ഉറപ്പാക്കുകയാണ് ലക്ഷ്യം. സിൻഡിക്കറ്റ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 19 പൊതുമേഖല ബാങ്കുകളാണ് ഇപ്പോൾ ഉള്ളത്.
4. പൊതുമേഖല ബാങ്കുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ദേശസാൽകൃത ബാങ്കുകൾ എന്നിവ കൂടാതെ ഐഡിബിഐ ബാങ്കും പൊതുമേഖലാ ബാങ്കുകളിൽ പെടുന്നു. മറ്റൊരു പൊതു മേഖല ബാങ്കായിരുന്ന ഭാരതീയ മഹിള ബാങ്കിനെ അസോഷ്യേറ്റ് ബാങ്കുകൾ ഉൾപ്പെടെ ഈയിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ പൂർണമായും സർക്കാറിന്റെതല്ല. ഭാഗികമായി പൊതുജനങ്ങൾക്കും ബാങ്കുകളുടെ ഓഹരികൾ വാങ്ങാൻ കഴിയും.
5. സ്വകാര്യ ബാങ്കുകൾ – പുതുതലമുറ ബാങ്കുകൾ

സ്വകാര്യ പ്രൊമോട്ടർമാരും പൊതുജനങ്ങളും പൂർണമായും ഓഹരികൾ കൈവശം വെച്ചിരിക്കുന്ന ബാങ്കിങ് സ്ഥാപനങ്ങളാണ് സ്വകാര്യ ബാങ്കുകൾ. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവ ഇതിൽ പെടുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവ ഉദാഹരണങ്ങളാണ്. വിദേശരാജ്യങ്ങളിൽ ഇൻകോർപറേറ്റ് ചെയ്തിട്ടുള്ള ബാങ്കുകൾക്ക് ഇന്ത്യയിൽ സ്വകാര്യ വാണിജ്യ ബാങ്കുകളായി പ്രവർത്തിക്കാൻ അനുവാദം നൽകുന്നുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയൊക്കെ ഉദാഹരണമാണ്.

 

 

6. ഗ്രാമീൺ ബാങ്കുകൾ

ഗ്രാമീണ മേഖലയിൽ കൃഷി, വ്യവസായം, കച്ചവടം തുടങ്ങിയ മുൻഗണനാ മേഖലകളിൽ വായ്പകൾ ലഭ്യമാക്കുന്നതിന് സംസ്ഥാന അടിസ്ഥാനത്തിൽ ഒരു വാണിജ്യ ബാങ്ക് സ്‌പോൺസർ ചെയ്ത് കൊണ്ട് 1976 ലാണ് ഗ്രാമീൺ ബാങ്കുകൾ ആരംഭിച്ചത്. സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ, സ്‌പോൺസർ ബാങ്ക് എന്നിവയാണ് ഇതിൽ മൂലധനനിക്ഷേപം നടത്തുന്നത്. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സംയോജിപ്പിച്ച് 2013 ൽ കേരള ഗ്രാമീൺ ബാങ്കാക്കി.
സാധാരണ വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും ഗ്രാമീൺ ബാങ്കും നൽകുന്നുണ്ട്.
7. സ്‌മോൾ ഫിനാൻസ് ബാങ്ക്

മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, ലോക്കൽ ഏരിയ ബാങ്കുകൾ, ബാങ്കിതര ഫിനാൻസ് കമ്പനികൾ തുടങ്ങിയവയ്ക്ക് അടിസ്ഥാന ബാങ്കിങ് സേവനങ്ങൾ നൽകാവുന്ന സ്‌മോൾ ഫിനാൻസ് ബാങ്കുകൾ 2015 മുതൽ അനുമതി നൽകി. കേരളത്തിൽ ഇസാഫ് ബാങ്ക് ഉദാഹരണം. വലിയ വായ്പകൾ, സങ്കീർണമായ ബാങ്കിങ് സേവനങ്ങൾ എന്നിവയ്ക്ക് സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് അനുമതിയില്ല.

 

 

8. പേയ്‌മെന്റ് ബാങ്കുകൾ

ഇന്ത്യ പോസ്റ്റ്, എയർടെൽ, പേടിഎം എന്നിവയാണ് പേയ്‌മെന്റ് ബാങ്കുകൾ തുടങ്ങിയിട്ടുള്ളത്. മറ്റ് വാണിജ്യ ബാങ്കുകൾ പോലെ എല്ലാ ശാഖകളിലും ചെക്ക് ഇടപാടുകൾ, ഡെബിറ്റ് കാർഡ്, മോബൈൽ ബാങ്കിങ്ങ് എന്നിങ്ങനെയുള്ള പണമിടപാടുകൾ നടത്താം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടും, കറന്റ് അക്കൗണ്ടും തുടങ്ങാമെങ്കിലും ചെറുകിട ഇടപാടുകൾ മാത്രമേ അനുമതിയുള്ളൂ. പരമാവധി നിക്ഷേപം ഒരു ലക്ഷം രൂപയും നിക്ഷേപങ്ങളുടെ 75 ശതമാനം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്ക് അനുമതി ഇല്ല.

അവലംബം  – സമ്പാദ്യം



from Whitespace https://ift.tt/2Q5q8MM
via IFTTT