Breaking

Friday, November 30, 2018

പ്രണബ് മുഖര്‍ജിയും ഊര്‍ജിത് പട്ടേലും അരവിന്ദ് സുബ്രഹ്മണ്യവും ഭൂകമ്പം പ്രവചിക്കുമ്പോള്‍

ഭൂകമ്പങ്ങൾ കൃത്യമായി പ്രവചിക്കാനുള്ള സംവിധാനങ്ങൾ മനുഷ്യനില്ലായിരിക്കാം. പക്ഷേ, പക്ഷി - മൃഗാദികളിൽ പലർക്കും ഈ കഴിവുണ്ടെന്നാണ് കേൾക്കുന്നത്. ഭൂകമ്പം വരുന്നതിനുമുമ്പ് സ്ഥലം വിട്ടുപോകുന്ന പക്ഷികളുണ്ട്. വീട്ടുമുറ്റത്ത് കെട്ടിയിട്ടുള്ള നായ്ക്കളും പശുക്കളുമൊക്കെ എന്തിന്റെയോ വരവ് കണ്ട് പേടിച്ച് തുടലും കയറും പൊട്ടിക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ അപൂർവ്വമല്ല. ചിലപ്പോൾ , ചില സവിശേഷ പരിതസ്ഥിതികളിൽ ചില മനുഷ്യർക്കും ഇത്തരം സിദ്ധികൾ കൈവരും എന്നു കേട്ടിട്ടുണ്ട്. ഭൂകമ്പങ്ങളല്ല , സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനകളാണ് ഇക്കൂട്ടർ പിടിച്ചെടുത്ത് കൈമാറുക. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻകാർ ഇന്ത്യ കീഴടിക്കിയേക്കും എന്ന കണക്കുകൂട്ടലിൽ ജപ്പാനീസ് ഭാഷ പഠിച്ചു തുടങ്ങിയ തമിഴകത്തെ പട്ടന്മാരോട് ഇവരെ തുലനം ചെയ്യാനാവില്ല. അതുവരെ പിന്തുടർന്നുവന്ന രീതികളിൽ നിന്ന് പൊടുന്നനെ പിന്മാറുകയും കേൾക്കേണ്ടവർ കേൾക്കണമെന്നുള്ള വ്യക്തമായ പദ്ധതിക്ക് പുറത്ത് കാര്യങ്ങൾ വിളിച്ചുപറയുകയും ചെയ്യുകയാണ് ഇവരുടെ ഒരു രീതി. നിലവിൽ ഈ സ്വഭാവസവിശേഷതകൾ കൊണ്ട് അവഗണിക്കാൻ പറ്റാത്ത മൂന്നു പേരാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലും പ്രധാനമന്ത്രിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും. സിബിഐ മുൻ മേധാവി അലോക് വർമയെ ഇക്കൂട്ടത്തിൽപ്പെടുത്താനാവാത്തത് അദ്ദേഹം ഉൾപ്പെട്ട കേസ് ഇപ്പോൾ സുപ്രീംകോടതിക്കു മുന്നിലുണ്ടെന്നതിനാലാണ്. പ്രണബും ഊർജിതും അരവിന്ദും ഒരു ഭൂകമ്പം മുന്നിൽ കാണുന്നുണ്ട്. അതിന്റെ അനുരണനങ്ങളാണ് അവരുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതും. ഇവർ മൂന്നു പേരും ഇന്ത്യൻ സാമ്പത്തിക മേഖലയെ അടുത്തറിയുന്നവരാണ്. എത്രയോ വർഷം ഇന്ത്യയുടെ ധനമന്ത്രിപദം വഹിച്ച കക്ഷിയാണ് പ്രണബ്. മറ്റു പല പദവികളും വഹിച്ചിട്ടുണ്ടെങ്കിലും പ്രണബ്ദായുടെ മനസ്സ് എന്നും ധനമന്ത്രാലയത്തിലായിരുന്നു. ഊർജിത്പട്ടേലാണെങ്കിൽ റിസർവ് ബാങ്ക് ഗവർണറാണ്. ഇന്ത്യൻ സമ്പദ് മേഖല നിർണായക നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ബാങ്കുകളുടെ കാവൽക്കാരനും വഴികാട്ടിയുമായി നിൽക്കുന്നയാൾ. 2014 ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്ണ്യം നിയമിതനായത്. ഏൽപിച്ച പണിയിൽ മിടുക്ക് കാട്ടിയതുകൊണ്ടാവണം 2017 ൽ അരവിന്ദിന്റെ നിയമനം സർക്കാർ ഒരു വർഷം കൂടി നീട്ടി. പക്ഷേ, 2018 ജൂണിൽ അരവിന്ദ് ഉപദേഷ്ടാവിന്റെ പണി വേണ്ടെന്നു വെച്ചു. കുടുംബപരമായ പ്രശ്നങ്ങളാണ് കാരണമായി അരവിന്ദ് ചൂണ്ടിക്കാട്ടിയതെങ്കിലും വരാനിരിക്കുന്ന ഭൂകമ്പത്തിനെക്കുറിച്ചുള്ള സൂചനകളായിരുന്നു യഥാർത്ഥ കാരണമെന്നാണ് ഇപ്പോൾ കേൾക്കുന്നത്. കമ്പെടുത്ത് വായിലിട്ടുകുത്തിയാൽ കമാ എന്നൊരക്ഷരം മിണ്ടാത്ത പാർട്ടിയായിരുന്നു ഊർജിത് പട്ടേൽ. രഘുറാം രാജനെ പുകച്ചു പുറത്തുചാടിച്ചപ്പോൾ റിസർവ് ബാങ്കിന്റെ തലപ്പത്തേക്ക് ബിജെപിയുടെയും സംഘപരിവിറിന്റെയും ആശീർവ്വാദത്തോടെയാണ് ഊർജിത് പട്ടേൽ അവരോധിക്കപ്പെട്ടത്. വിനയം, കൂറ് , വിധേയത്വം ഈ മൂന്നു ഗുണങ്ങളും ആവശ്യത്തിലധികം ഊർജിത്തിനുണ്ടെന്നായിരുന്നു തൽപരകക്ഷികളുടെ കണ്ടെത്തൽ. ഈ പാർട്ടിയാണ് കഴിഞ്ഞ ദിവസം പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ റിസർവ്വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെക്കുറിച്ച് വാചാലനായത്. റിസർവ്വ് ബാങ്കിന്റെ സ്വയം ഭരണാവകാശത്തെക്കുറിച്ചുള്ള തമാശകളിൽ ഏറെ രസകരം മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ വൈ വി റെഡ്ഡിയുടേതാണ്. റിസർവ്വ് ബാങ്ക് ശരിക്കും സ്വതന്ത്രമാണ്. ഇക്കാര്യം നിങ്ങളോട് പറയാൻ എനിക്ക് ധനമന്ത്രിയുടെ അനുവാദം കിട്ടിയിട്ടുണ്ട്. ഒരു പത്രസമ്മേളനത്തിലാണ് റെഡ്ഡി ഈ ഡയലോഗ് വെച്ചുകാച്ചിയത്. റിസർവ്വ് ബാങ്കിന്റെ സ്വയംഭരണാവകാശം സങ്കൽപമാണെന്ന ധാരണയ്ക്കൊപ്പമായിരുന്നു 2018 തുടക്കം വരെ ഊർജിതിന്റെ യാത്ര. പക്ഷേ, ഇപ്പോൾ ഊർജിത് പറയുന്നത് റിസർവ്വ് ബാങ്കിന്റെ സ്വയംഭരണാവകാശം വിട്ട്ുകൊണ്ടുള്ള ഒരു കളിക്കും താനില്ലെന്നാണ്. ഭൂകമ്പം ആസന്നമാണെന്ന സൂചന പിടിച്ചെടുക്കാൻ ഊർജിതിന് എന്തോ ഒരു സവിശേഷ സിദ്ധിയുണ്ടെന്നല്ലാതെ മറ്റൊരു കാരണവും ഈ മലക്കം മറിച്ചിലിനു പിന്നിൽ കാണാനാവുന്നില്ല. രാഷ്ട്രപതി സ്ഥാനത്തു നിന്നിറങ്ങിയശേഷം പ്രണബ് ആദ്യം ചെയ്ത വലിയൊരു കാര്യം നാഗ്പൂർ സന്ദർശനമായിരുന്നു. ആർ എസ് എസ് ആസ്ഥാനത്തേക്കുള്ള പണബിന്റെ വരവു പോലൊരു കാഴ്ച അടുത്തകാലത്തെങ്ങും ബിജെപിയെ ആഹ്ലാദിപ്പിച്ചിട്ടില്ല. ആ പ്രണബാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കാകുലനായത്. ഈ പോക്ക് പോയാൽ ഇന്ത്യയുടെ ഭാവി ശോഭനീയമാവില്ലെന്നാണ് പ്രണബ് കഴിഞ്ഞ ദിവസം ഡെൽഹിയിൽ ഒരു കോൺഫറൻസിൽ പറഞ്ഞത്. നാഗ്പൂരിനും ഡെൽഹിക്കുമിടയിൽ കാര്യങ്ങൾ മാറിമറിയുന്നത് പ്രണബ്ദാ കാണുന്നുണ്ടാവണം. നാഗ്പൂരിന്റെയും ഡെൽഹിയുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ഭൂകമ്പമാണ് വരാനിരിക്കുന്നതെന്നും പ്രണബ്ദാ തിരിച്ചറിയുന്നുണ്ടാവണം. നോട്ട് നിരോധനം കിരാതമായ നടപടിയായിരുന്നുവെന്നാണ് അരവിന്ദ് സാർ ഇപ്പോൾ പറയുന്നത്. ഈ കലാപരിപാടി അരങ്ങേറിയപ്പോഴോ അതുകാരണം ജനങ്ങൾ നെട്ടോട്ടമോടിയപ്പോഴോ അരവിന്ദ്സാറിന് ഇങ്ങനെ ഒരഭിപ്രായമുണ്ടായിരുന്നില്ല. ദാ ഇപ്പോൾ ലോക്സഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ അരവിന്ദ് സാറിനും ഭൂകമ്പത്തിന്റെ സൂചനകൾ പിടികിട്ടുന്നുണ്ടാവണം. വഴിയിൽ കേട്ടത് : ഡിസംബർ 11 ന് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ചിലപ്പോൾ കൂടുതൽ പക്ഷികൾ കൂടുകൾ വിട്ട് പുറത്തുവന്നേക്കും. content highlights;pranab mukherjee,urjit patel and arvind subramanianpredicts earthquakes


from mathrubhumi.latestnews.rssfeed https://ift.tt/2Ro4yjn
via IFTTT