കൊച്ചി:വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ ഒറ്റ ദിവസം കൊണ്ട് 77 പൈസയുടെ കുതിപ്പ്. ഇതോടെ, രൂപയുടെ ഡോളർമൂല്യം 69.85 എന്ന നിലയിൽ വ്യാഴാഴ്ച ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 69.85 രൂപ. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തിയിരിക്കുകയാണ് ഇതോടെ ഇന്ത്യൻ കറൻസി. ഓഗസ്റ്റ് 24-നാണ് ഇതിനു മുമ്പ് ഡോളർ 70 രൂപ നിലവാരത്തിന് താഴെയെത്തിയത്. അന്ന് 69.91 രൂപയായിരുന്നു ഡോളർമൂല്യം. അസംസ്കൃത എണ്ണയുടെ വില കുറയുന്നതും ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ഒഴുകിയെത്തിയതും രൂപയ്ക്ക് കരുത്തായി. അസംസ്കൃത എണ്ണവില 50 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തുന്ന ലക്ഷണമാണ് ഉള്ളത്. അമേരിക്കയിൽ പലിശ നിരക്കിൽ തത്കാലം മാറ്റമുണ്ടാകില്ലെന്ന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവ്വൽ വ്യക്തമാക്കിയതോടെ പ്രധാന കറൻസികൾക്കെതിരേയെല്ലാം ഡോളർ കൂപ്പുകുത്തി. രൂപ കരുത്താർജിക്കുകയും എണ്ണവില കുറയുകയും ചെയ്യുന്നത് ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ശുഭകരമാണ്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതോടൊപ്പം വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയുമെന്നതാണ് കാരണം. content highlight: Rupee gains past 70 a dollar for first time in 3 months
from mathrubhumi.latestnews.rssfeed https://ift.tt/2KPh2hz
via
IFTTT