വാഷിങ്ടൺ: ആറടി മൂന്നിഞ്ച് ഉയരമുള്ള 78-കാരൻ സാമുവൽ ലിറ്റിൽ ഇന്ന് യു.എസിൽ അറിയപ്പെടുന്നത് ബോക്സിങ്ങിലെ വൈഭവംകൊണ്ടല്ല. പോലീസിനെ കൃത്യമായി അനുസരിക്കുന്ന തടവുപുള്ളിയായതുകൊണ്ടുമല്ല. 90 കൊലപാതകം നടത്തിയതായി തുറന്നുസമ്മതിച്ച് യു.എസിലെ കൊടുംകുറ്റവാളിയായിട്ടാണ്. ടെക്സസ് കോടതിയിലെ വിചാരണത്തടവുകാരനാണ് സാമുവൽ ലിറ്റിൽ. മയക്കുമരുന്നിന് അടിമപ്പെട്ടവരും തെരുവിൽക്കഴിയുന്ന സ്ത്രീകളും ലൈംഗികത്തൊഴിലാളികളുമായിരുന്നു ഇയാളുടെ ദശാബ്ദങ്ങൾനീണ്ട കൊലപാതകപരമ്പരയുടെ ഇരകൾ. 90 കൊലപാതകങ്ങൾ നടത്തിയതായുള്ള ഇയാളുടെ കുറ്റസമ്മതം ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെപ്പോലും അമ്പരപ്പിച്ചിരിക്കയാണ്. 1970 മുതൽ 2005 വരെയുള്ള സ്ത്രീകൊലപാതകങ്ങളിൽ ഇയാളുടെ പങ്ക് അന്വേഷിച്ചുവരികയാണ് പോലീസ് ഇപ്പോൾ. 34 കൊലപാതകങ്ങളിൽ കൃത്യമായ തെളിവും ശേഖരിച്ചുകഴിഞ്ഞു. 1956-ൽ സ്കൂൾവിദ്യാർഥിയായിരിക്കെയാണ് കട കുത്തിത്തുറക്കൽ, കൊള്ള, മയക്കുമരുന്ന് വിൽപ്പന, അതിക്രമിച്ചുകയറൽ തുടങ്ങിയ കേസുകളിൽ സാമുവൽ ആദ്യം അറസ്റ്റിലാവുന്നത്. നല്ലപാഠം പഠിപ്പിക്കാൻ അധികൃതർ ദുർഗുണപരിഹാര പാഠശാലയിലേക്ക് വിട്ടു. എന്നാൽ, പുറത്തിറങ്ങി തെരുവിൽത്തന്നെ കഴിഞ്ഞ് ആരാലും നിയന്ത്രിക്കപ്പെടാതെ നടന്ന സാമുവൽ പിന്നീട് കൊടുംകുറ്റവാളിയായി മാറുകയായിരുന്നു. 1970-കളിൽ 11 സംസ്ഥാനങ്ങളിലായി വിവിധകേസുകളിൽ 26 തവണ അറസ്റ്റുചെയ്യപ്പെട്ടു. 1982-ൽ 22 വയസ്സുള്ള ലൈംഗികത്തൊഴിലാളിയുടെ മരണത്തിൽ വീണ്ടും അറസ്റ്റിലായി. തെളിവില്ലാത്തതിനാൽ രണ്ടുവർഷത്തിനുശേഷം പുറത്തിറങ്ങി. മറ്റൊരു കേസിൽ 1984-ൽ വീണ്ടും അറസ്റ്റ്. പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റംചെയ്യും, പിടിയിലുമാവും. 1987-നും 89-നും ഇടയ്ക്ക് ലോസ് ആഞ്ജലിസിൽ മൂന്നുസ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ഡി.എൻ.എ. തെളിവുപ്രകാരമാണ് സാമുവലിനെതിരേ കുറ്റംതെളിഞ്ഞത്. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് തടവിലായി 2012 മുതൽ പുറത്തിറങ്ങിയിട്ടില്ല. മൂന്നുസ്ത്രീകളെയും തല്ലിച്ചതച്ചശേഷം ഞെരിച്ചുകൊല്ലുകയായിരുന്നു. മൂന്നു ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ 14 സംസ്ഥാനങ്ങളിലെ കൊലക്കേസുകളിൽ സാമുവൽ സംശയമുനയിലായി. തുമ്പില്ലാത്ത മറ്റുകൊലപാതകങ്ങളിലും ഇയാളുടെ പങ്ക് കണ്ടെത്താൻ പോലീസ് ഡി.എൻ.എ. തെളിവുകളെ ആശ്രയിക്കുകയാണ്. യു.എസിന്റെ ചരിത്രത്തിൽ ഇതുവരെ ഏറ്റവുംകൂടുതൽ കൊലപാതകം നടത്തിയിട്ടുള്ളത് ഗാരി റിഡ്ജെ എന്നയാളാണ്. 1980-നും 1990-നുമിടെ 49 കൊലപാതകം. എന്നാൽ, ആ റെക്കോഡ് ഇനി സാമുവലിന്റെ പേരിലാവുമെന്നാണ് ടെക്സസ് കോടതി സ്ഥിരീകരിക്കുന്നത്. Content Highlight:Convicted 78 year old murderer says he killed 90 people
from mathrubhumi.latestnews.rssfeed https://ift.tt/2E4rLUE
via
IFTTT