സിഡ്നി: ഓസ്ട്രേലിയക്കെതിരേ നിർണായകമായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായുള്ള സന്നാഹ മത്സരത്തിനിടെ ടീം ഇന്ത്യയുടെ പുതിയ ബാറ്റിങ് സെൻസേഷനായ പൃഥ്വി ഷായ്ക്ക് പരിക്കേറ്റു. ഇതോടെ ഡിസംബർ 6-ന് തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റിൽ പൃഥ്വി കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ക്രിക്കറ്റ് ഓസ്ട്രേലിയ താരം മാക്സ് ബ്രയന്റിന്റെ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇടതുകാൽക്കുഴയ്ക്ക് പരിക്കേറ്റ പൃഥ്വിയെ ഇന്ത്യൻ ഒഫീഷ്യലുകൾ എടുത്താണ് ഗ്രൗണ്ടിൽ നിന്ന്പുറത്തേക്ക് കൊണ്ടുപോയത്. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ താരത്തെ സ്കാനിങ്ങിനു വിധേയനാക്കിയിരുന്നു. ക്രച്ചസിന്റെ സഹായത്തോടെയാണ് താരം ഇപ്പോൾ നടക്കുന്നത്. താരത്തിന്റെ അഭാവത്തിൽ ലോകേഷ് രാഹുലും മുരളി വിജയിയുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി പൃഥ്വി റെക്കോഡിട്ടിരുന്നു. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന സന്നാഹ മത്സരത്തിൽ അർധ സെഞ്ചുറി നേടിയതിനു പിന്നാലെയാണ് പരിക്കേൽക്കുന്നത്. Content Highlights: Prithvi Shaw ruled out of first Test after suffering ankle injury
from mathrubhumi.latestnews.rssfeed https://ift.tt/2rfQwEJ
via
IFTTT