Breaking

Friday, November 30, 2018

ശബരിമല അന്നദാനത്തിന് ആര്‍എസ്എസ് അനുകൂല സംഘടനയ്ക്ക് അനുമതി

ശബരിമല: ശബരിമലയിൽ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി. പമ്പയിലും നിലയ്ക്കലും നൽകുന്ന അന്നദാനത്തിന്റെ ചുമതലയാണ് സംഘപരിവാർ അനുകൂല സംഘടനയായ അയ്യപ്പ സേവാ സമാജത്തെ ഏൽപ്പിക്കുന്നത്. ദേവസ്വം ബോർഡ് സംഘടനയുമായി കരാർ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. യുവതീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിനെതിരെ ശക്തമായ നിലപാടാണ് സംഘപരിവാർ സംഘടനകൾ സ്വീകരിച്ചിരുന്നത്. കാണിക്ക ഇടരുതെന്ന പ്രചരണം അടക്കമുള്ള പ്രതിഷേധ നിലപാടായിരുന്നു അവർ സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണ് സംഘപരിവാറിന് അനുകൂലമായ നീക്കം ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 2015ന് ശേഷം ദേവസ്വം ബോർഡ് സ്വന്തം നിലയിൽ അന്നദാനം നടത്തിയാൽ മതിയെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അതിനു ശേഷം അന്നദാനത്തിനുള്ള പണം ദേവസ്വം ബോർഡ് മറ്റു വ്യക്തികളിൽ നിന്നും സംഘടനകളിൽനിന്നും സ്വീകരിക്കുന്നുണ്ടെങ്കിലും ദേവസ്വം ബോർഡ് നേരിട്ടായിരുന്നു അന്നദാനം നടത്തിയിരുന്നത്. അന്നദാനത്തിനുള്ള ചെലവ് പണമായി നൽകുന്നതിനു പകരം അന്നദാനത്തിനുള്ള സാധനങ്ങൾദേവസ്വം ബോർഡ് നൽകാനാണ് തീരുമാനം. 2016ൽ അന്നദാനത്തിനായി ഏഴരക്കോടി രൂപയായിരുന്നു ദേവസ്വം ബോർഡിന് ചെലവായിരുന്നത്. 2017ൽ അയ്യപ്പ സേവാ സംഘം അന്നദാനം നടത്തിയപ്പോൾ നാലരക്കോടി രൂപയായിരുന്നു ചെലവ്. അതേസമയം, അന്നദാനത്തിന് ഒരു സംഘടനയ്ക്കും കരാർ നൽകിയിട്ടില്ലെന്ന്ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലുമാണ് ശബരിമലയിൽ അന്നദാനം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഘടനകളുടെയും വ്യക്തികളുടെയും സഹായം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്നദാനത്തിന് വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും അന്നദാന ഫണ്ടിലേക്ക് സഹായം സ്വീകരിക്കാറുണ്ട്. സഹായം പണമായി സ്വീകരിക്കുന്നതിനു പകരം സേവനമായി നൽകാമെന്ന് ചില സംഘടനകൾ പറഞ്ഞതു പ്രകാരം അവരുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ കരാർ കൊടുത്തതായുള്ള വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Sabarimala, Annadanam Controversy, devaswom board


from mathrubhumi.latestnews.rssfeed https://ift.tt/2PawqW6
via IFTTT