Breaking

Friday, November 30, 2018

കണ്ണൂർ വിമാനത്താവളം : ജനുവരിയോടെ ദിവസേന 12 സർവീസുകൾ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്രവിമാനത്താവളത്തിൽനിന്ന് ജനുവരിയോടെ ദിവസേന 12 സർവീസുകളുണ്ടാകുമെന്ന് കിയാൽ മാനേജിങ് ഡയറക്ടർ വി.തുളസീദാസ് പറഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസിന് പുറമെ ഗോ എയറും ഉദ്ഘാടനദിവസമായ ഡിസംബർ ഒൻപതു മുതൽ സർവീസ് തുടങ്ങാൻ താത്പര്യമറിയിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റും ഇൻഡിഗോയും ജനുവരി ആദ്യം മുതലാണ് സർവീസ് നടത്തുക. ജനുവരിയോടെ പ്രധാനപ്പെട്ട എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഗോ എയർ ഗൾഫ് സർവീസുകൾക്കു പുറമെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഉഡാൻ സർവീസ് നടത്തും. ഇൻഡിഗോ ബെംഗളൂരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, ഹുബ്ലി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഉഡാൻ സർവീസ് നടത്തുക. ഡിസംബർ ഒൻപതിന് രാവിലെ 10-ന് എയർ ഇന്ത്യാ എക്സ്പ്രസിന്റെ അബുദാബിയിലേക്കുള്ള സർവീസോടെയാണ് വിമാനത്താവളം കമ്മിഷൻ ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് വിമാനത്താവള ടെർമിനലിൽ നിലവിളക്ക് കൊളുത്തിയ ശേഷം വിമാനം ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യദിവസം വൈകുന്നേരം തന്നെ അബുദാബിയിൽനിന്ന് തിരിച്ചുള്ള സർവീസുമുണ്ടാകും. ദോഹ, റിയാദ്, ഷാർജ സർവീസുകളും രണ്ടാം ദിവസത്തോടെ തുടങ്ങും. എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ടാമത്തെ വിമാനം എത്തുന്നതോടെ ഡിസംബറിൽത്തന്നെ മസ്ക്കറ്റ് സർവീസ് തുടങ്ങുകയും ഷാർജ സർവീസ് ദിവസേനയാക്കുകയും ചെയ്യും. വിമാനത്താവളം ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഓഹരിയുടമകളായ 6700 പേരെയും ആദ്യമേ ക്ഷണിച്ചു. അവർക്ക് പ്രത്യേക ഇരിപ്പിടമൊരുക്കും. തിരക്ക് നിയന്ത്രിക്കാൻ പോലീസ് നിർദേശിച്ച പാർക്കിങ് കേന്ദ്രങ്ങളിൽനിന്ന് എഴുപതോളം ബസ്സുകൾ സൗജന്യമായി സർവീസ് നടത്തും. രാവിലെ 10-നാണ് ഉദ്ഘാടനമെങ്കിലും എട്ടുമുതൽ കലാപരിപാടികളും ഒൻപതിന് മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിലുള്ള കേളികൊട്ടും നടക്കും. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ വീട് നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരു അംഗത്തിനു വീതം ജോലി നൽകുന്നതിൽ മുൻഗണന നൽകാൻ ശ്രമിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. ഇതിനകം 126 പേർക്ക് ജോലി നൽകി. അപേക്ഷ നൽകാൻ വൈകിയ ഏതാനും പേർക്ക് മാത്രമാണിനി നൽകാനുള്ളത്. സ്ഥലം വിട്ടുകൊടുക്കാൻ നാട്ടുകാർ കാണിച്ച സന്മനസ്സും സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിയ മികച്ച പുനരധിവാസ പാക്കേജുമാണ് വിമാനത്താവളം യാഥാർഥ്യമാകാൻ സഹായിച്ച പ്രധാന ഘടകം -തുളസീദാസ് പറഞ്ഞു. വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളുടെയും മേധാവികളും പങ്കെടുത്തു. നിർമാണച്ചെലവ് 2350 കോടി 1892 കോടി രൂപയാണ് വിമാനത്താവളത്തിന് പ്രതീക്ഷിച്ച ചെലവ്. എന്നാൽ 2350 കോടി രൂപയോളം ചെലവായി. പുതിയ വിമാനത്താവളങ്ങളിൽ നിയമിക്കുന്ന സി.ഐ.എസ്.എഫ്., കസ്റ്റംസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെയെല്ലാം ശമ്പളച്ചെലവടക്കം കമ്പനികൾ വഹിക്കണമെന്നതിനാൽ വലിയ ബാധ്യത വരും. നടത്തിപ്പുചെലവ് വർഷത്തിൽ 250 കോടിയോളമാകും. വ്യോമയാനംവഴി അടുത്തൊന്നും ഇത്രയും വരുമാനമുണ്ടാക്കാനാവില്ല. വിദേശവിമാനക്കമ്പനികളെ സർവീസിനനുവദിച്ചാൽ വലിയ വിമാനങ്ങൾ വരും. ചരക്ക് കയറ്റിറക്കുമതിക്കും അതാവശ്യമാണ്. വരുമാനവർധനയ്ക്ക് വ്യോമയാനത്തിനൊപ്പം അനുബന്ധസേവനരംഗത്ത് ഊന്നൽ നൽകാനും കിയാൽ തീരുമാനിച്ചിട്ടുണ്ട്. content highlights: kannur airport,More airlines to operate from Kannur airport


from mathrubhumi.latestnews.rssfeed https://ift.tt/2BIrGUb
via IFTTT