കോഴിക്കോട്: തന്നെ മണ്ഡലകാലം മുഴുവൻ ജയിലിൽ ഇടാൻ സർക്കാർ ഗൂഢാലോചന നടത്തുന്നൂവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പിണറായി വിജയൻ തന്നോട് പകപോക്കുന്നു. എല്ലാ പൗരാവകാശങ്ങളും ലംഘിച്ചുവെന്നും പോലീസ് തന്നോട് ക്രൂരമായാണ് പെരുമാറുന്നതെന്നും സുരേന്ദ്രൻ പ്രതികരിച്ചു. കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഡി.വൈ.എഫ്.ഐ പോലീസുകാരെയാണ് തനിക്കെതിരേ ഉപയോഗിച്ചത്. ലോക്കൽ പോലീസിന് തന്നെ തൊടാൻ അവകാശമില്ലാഞ്ഞിട്ടും അവർ കോടതിയിൽ ഹാജരാക്കുമ്പോൾ തള്ളിയിടാൻ ശ്രമിച്ചുവെന്നും സുരേന്ദ്രൻ പ്രതികരിച്ചു. കോഴിക്കോട് രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളിൽ സുരേന്ദ്രന് ജാമ്യം ലഭിച്ചുവെങ്കിലും, ശബരിമലയിൽ സ്ത്രീയെ തടഞ്ഞുവെന്ന പരാതിയിൽ പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസിൽ സുരേന്ദ്രന് ജാമ്യം ലഭിച്ചില്ല. പുറത്തിറങ്ങാൻ ഇനിയും സമയമെടുക്കും. രാവിലെ പത്തരമണിയോടെയാണ് സുരേന്ദ്രനെ അഡീഷണൽ സെഷൻ കോടതിയിൽ വൻ പോലീസ് സന്നാഹത്തോടെ ഹാജരാക്കിയത്. മാധ്യമങ്ങളടക്കം പുറത്ത് തടിച്ച് കൂടിയതോടെ സുരേന്ദ്രനെ കോടതിക്ക് അകത്തേക്കും പുറത്തേക്കുമെത്തിക്കാൻ പോലീസ് ഏറെ പണിപെട്ടു. സുരേന്ദ്രനെ പിന്തുണയ്ക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള കോടതിയിലെത്തി സുരേന്ദ്രനെ സന്ദർശിച്ചു. ജാമ്യം കിട്ടുമെന്നും സുരേന്ദ്രൻ ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു.രാവിലെ ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.പിയും സുരേന്ദ്രനെ ജില്ലാ ജയിലിൽ എത്തി സന്ദർശിച്ചിരുന്നു. Content Highlights:K Surendran Get Bail From Two Cases
from mathrubhumi.latestnews.rssfeed https://ift.tt/2P8lCry
via
IFTTT