Breaking

Friday, November 30, 2018

കനൽവഴികളിലൂടെ നടത്തിയത് മനക്കരുത്ത്; 21 വർഷങ്ങൾക്കുശേഷം ജ്യോത്സ്ന പത്താം ക്ലാസ്സുമെഴുതി

തൊടുപുഴ: മിടുക്കോടെയാണ് അന്നും പഠിച്ചത്. പഠനത്തോടൊപ്പം പാട്ടും നൃത്തവുമുണ്ടായിരുന്നു. വാശിയോടെ മത്സരങ്ങളിലെല്ലാം പങ്കെടുത്തു. സ്കൂളിലെ കലോത്സവത്തിൽ രണ്ടുതവണ കലാപ്രതിഭയുമായി. എന്നാൽ, സമൂഹത്തിന്റെ കണ്ണിൽ ഇതൊന്നും വലിയ കാര്യമായിരുന്നില്ല. പുരുഷ ശരീരത്തിൽ കുടുങ്ങിപ്പോയ ജ്യോത്സ്നയുടെ സ്ത്രീമനസ്സായിരുന്നു അവരുടെ പ്രശ്നം. അവർ കളിയാക്കി. ക്രൂരമായി അധിക്ഷേപിച്ചു. കളിയാക്കലുകൾ അസഹ്യമായപ്പോൾ എട്ടാം ക്ലാസിൽ സ്കൂൾ മാറേണ്ടിവന്നു. പിന്നെ ചേർന്ന സ്കൂളിലും ഇതേ അനുഭവം. എല്ലാം സഹിച്ച് പത്താംക്ലാസിലെ ക്രിസ്മസ് പരീക്ഷവരെ പഠനം തുടർന്നെങ്കിലും നിർത്തേണ്ടിവന്നു. നിരാശയുടെ പടുകുഴിയിൽ വീണ ദിവസങ്ങളായിരുന്നു അത്. അങ്ങനെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. അന്ന് കിട്ടിയ ധൈര്യമാണ്... കനൽവഴികളിലൂടെ ആ മനക്കരുത്തിലാണ് ഇത്രയുംദൂരം നടന്നു തീർത്തത്. സ്കൂൾ പഠനം തുടരാനാകാത്ത സാഹചര്യത്തിലാണ് പാലായിൽ കംപ്യൂട്ടർ ആനിമേഷൻ പഠിക്കാൻ പോയത്. ബ്യൂട്ടീഷനും പഠിച്ചു. കല്യാണ വർക്കുകൾ പിന്നിട്ട് ഇപ്പോൾ സിനിമയിൽ എത്തിനിൽക്കുന്നു. ട്രാൻസ്ജെൻഡേഴ്സിന്റെ ജീവിതം പ്രമേയമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത 'ഞാൻ മേരിക്കുട്ടി'യിൽ ജയസൂര്യയ്ക്ക് മനോഹരമായി സാരിയുടുപ്പിച്ച് നൽകിയതും ജ്യോത്സ്നയാണ്. നേട്ടങ്ങൾക്കിടയിലും പഠനം നിലച്ചുപോയത് വേദനയായി അവശേഷിച്ചു. അപ്പോഴാണ് സർക്കാരിന്റെ തുടർപഠന പദ്ധതിയായ സമന്വയയെക്കുറിച്ച് അറിയുന്നത്. അപ്പോൾത്തന്നെ രജിസ്റ്റർ ചെയ്തു. 21 വർഷങ്ങൾക്കുശേഷം പഠനം വീണ്ടും തുടങ്ങി. എല്ലാ നാലാമത്തെ ഞായറാഴ്ചയും ക്ലാസുകളിൽ പങ്കെടുത്തു. ഇനി റിസൽട്ടിനായുള്ള കാത്തിരിപ്പാണ്. വിജയിക്കുമെന്ന് ജ്യോത്സ്നയ്ക്ക് ഉറപ്പാണ്. പ്ലസ്ടു, ഡിഗ്രി, സുഹൃത്ത് ജോമോളുമൊത്ത് ഒരു ബ്യൂട്ടി പാർലർ...ജോത്സ്നയ്ക്ക് നടന്നുതീരേണ്ട വഴികൾ തീർന്നിട്ടില്ല. നടക്കാൻ തന്നെയാണ് ഈ പോരാളിയുടെ തീരുമാനം. content highlights:transgender jyothsna writes 10th exam after 21 years


from mathrubhumi.latestnews.rssfeed https://ift.tt/2E5vTUw
via IFTTT