Breaking

Friday, November 30, 2018

ഹാട്രിക് ജയം ലക്ഷ്യമിട്ട് ഗോകുലം ഇന്ന് ചര്‍ച്ചിലിനെതിരേ

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് ഗോകുലം കേരളാ എഫ്.സിയും ഗോവാ ചർച്ചിൽ ബ്രദേഴ്സും നേർക്കുനേർ. കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് മത്സരം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഷില്ലോങ്ങ് ലജോങ്ങിനെയും(3-1) ചാമ്പ്യൻമാരായ മിനർവ പഞ്ചാബിനെയും(1-0) കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയർ. ചുവപ്പുകാർഡ് കണ്ട് സസ്പെൻഷൻ ലഭിച്ച ക്യാപ്റ്റൻ മുദ്ദെ മൂസ തിരിച്ചെത്തിയത് ഗോകുലത്തിന്റെ കരുത്ത് കൂട്ടും. മൂസയ്ക്കൊപ്പം ഡാനിയൽ അഡുവും ഫാബ്രിസിയൊ ഒർടിസും ചേരുന്നതോടെ ടീമിന്റെ പ്രതിരോധം എതിരാളികൾക്ക് കീറാമുട്ടിയാവും. ആക്രമണ നിരയിൽ തുടരെ രണ്ടുകളികളിലും ലക്ഷ്യംകണ്ട എസ്. രാജേഷിൽ ഗോകുലം പ്രതീക്ഷയർപ്പിക്കുന്നു. ഫോമിൽ തിരിച്ചെത്തുന്നതിന്റെ സൂചന നൽകുന്ന അന്റോണിയോ ജർമനും പ്രാദേശികതാരം ഗനി നിഗം എന്നിവരും എതിർ പ്രതിരോധത്തിന് ഭീഷണിയാകും. കഴിഞ്ഞ സീസണിലെ ഹോം മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റിയിലൂടെ ചർച്ചിൽ കേരളത്തെ തോൽപ്പിച്ചിരുന്നു. ഇത്തവണ അതിന് കണക്കുതീർക്കാനുറച്ചാകും ഗോകുലം ഇറങ്ങുക. പത്തുദിവസം ലഭിച്ച ഇടവേള ഉപയോഗപ്പെടുത്തി ടീം മത്സരത്തിന് പൂർണ സജ്ജരായതായി ഗോകുലം പരിശീലകൻ ബിനോ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്താ വമ്പൻമാരായ മോഹൻ ബഗാനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്താണ് ചർച്ചിൽ കോഴിക്കോട്ടെത്തുന്നത്. തൊട്ടുമുമ്പത്തെ മത്സരത്തിൽ ജോങ്ങിനെ 4-2 നും കീഴടക്കിയിരുന്നു. ലജോങ്ങിനെതിരേ ഹാട്രിക്കും ബഗാനെതിരേ ഇരട്ടഗോളും കണ്ടെത്തിയ വില്ലിസ് പ്ലാസയാണ് ഗോവൻ ടീമിന്റെ തുറുപ്പുചീട്ട്. നിലവിൽ ഐ ലീഗിലെ ടോപ് സ്കോററാണ് പ്ലാസ. തങ്ങളെ സ്റ്റേഡിയത്തിൽ പരിശീലനം നടത്താൻ അനുവദിക്കാഞ്ഞത് തെറ്റായ നടപടിയാണെന്ന് ചർച്ചിൽ പരിശീലകൻ പീറ്ററെ ഗിജിയു കുറ്റപ്പെടുത്തി. അഞ്ച് കളികളിൽനിന്ന് രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പതുപോയന്റുള്ള ചർച്ചിൽ പട്ടികയിൽ ചെന്നൈ സിറ്റിക്കുപിന്നിൽ(16) രണ്ടാമതാണ്. അഞ്ചു കളികളിൽ രണ്ടു ജയവും രണ്ട് സമനിലയും ഒരുതോൽവിയുമുള്ള ഗോകുലം എട്ടു പോയന്റോടെ മൂന്നാം സ്ഥാനത്തും. Content Highlights: i league gokulam churchil match


from mathrubhumi.latestnews.rssfeed https://ift.tt/2TXy0hF
via IFTTT