Breaking

Friday, November 2, 2018

മോഷണക്കേസില്‍ ആളുമാറി അറസ്റ്റ്: ആക്ഷന്‍ ഹീറോ എസ്‌ഐക്ക് സ്ഥലംമാറ്റം

കണ്ണൂര്‍: മാലമോഷണക്കേസില്‍ പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ ചക്കരക്കല്‍ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം. നിവിന്‍പോളി നായകനായ ആക്ഷന്‍ ഹീറോ എസ്‌ഐ ബിജു എന്ന സിനിമയുടെ മാതൃകയില്‍ ജനകീയ പിന്തുണയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി ശ്രദ്ധേയനായ എസ്‌ഐയെയാണ് കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റിലേക്കു മാറ്റിയത്. മയ്യില്‍ പോലിസ് സ്‌റ്റേഷനില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്ന ബാബുമോനെയാണ് ചക്കരക്കല്ലിലേക്കു പകരക്കാരനായി നിയമിച്ചിട്ടുള്ളത്. ചക്കരക്കല്ലില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ചുരക്ഷപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കതിരൂര്‍ സ്വദേശിയായ പ്രവാസി താജുദ്ദീനെയാണ് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവുമായി താജുദ്ദീനുണ്ടായ രൂപസാദൃശ്യമാണ് അറസ്റ്റിലേക്കു നയിച്ചത്. എന്നാല്‍ മകളുടെ വിവാഹാവശ്യത്തിനു നാട്ടിലെത്തിയ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മൊബൈല്‍ ടവര്‍ പരിശോധന ഉള്‍പ്പെടെ നടത്തിയാല്‍ അന്നേദിവസം അവിടെ വന്നിട്ടില്ലെന്ന് വ്യക്തമാവുമെന്നും ചൂണ്ടിക്കാട്ടി, ജാമ്യത്തിലിറങ്ങിയ താജുദ്ദീന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയാണെന്നു കണ്ടെത്തി ഡിജിപിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, എസ്‌ഐ ബിജു തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയും സാക്ഷികളെ ഉള്‍പ്പെടെ നിരത്തുകയും ചെയ്തു. താജുദ്ദീന്‍ നിരപരാധിയാണെന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേയും പോലിസ് കേസെടുത്തു. നിയമപോരാട്ടം തുടരുമെന്നുറപ്പിച്ച് താജുദ്ദീന്‍ മാധ്യമങ്ങളിലൂടെ അറിയിക്കുകയും മനുഷ്യാവകാശ, ബാലാവകാശ കമ്മീഷനുകളില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് നടപടിക്കു പോലിസ് നിര്‍ബന്ധിതമായത്. ഇതിനിടെ, മുസ്്‌ലിംലീഗിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റ് മാര്‍ച്ച് നടത്തുകയും എസ്‌ഐയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെയാണ് എസ്‌ഐയെ സ്ഥലംമാറ്റിയത്.



from Whitespace https://ift.tt/2SCuN6q
via IFTTT