Breaking

Sunday, May 10, 2020

ഇന്ത്യയില്‍ ടെസ്റ്റ്കിറ്റുകളുടെ ഉത്പാദനം വര്‍ധിച്ചു;ഇറക്കുമതിയില്‍ കുറവ്; കയറ്റുമതിക്കും സാധ്യത

മുംബൈ: തദ്ദേശീയമായി കൊറോണവൈറസ് ടെസ്റ്റ് കിറ്റുകളുടെ നിർമാണം ഗണ്യമായി വർധിച്ചതോടെ ഇന്ത്യയിൽ കിറ്റുകളുടെ ഇറക്കുമതിയിൽ കുറവുണ്ടായതായി റിപ്പോർട്ട്. പുണെ ആസ്ഥാനമായ മൈലാബ്ഡിസ്കവറി സൊല്യൂഷൻസ്, സെറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ(SII)യുമായി സഹകരിച്ച് ദിവസേന 2,00,000 കിറ്റുകളാണ് ഇപ്പോൾ ഉല്പാദിപ്പിക്കുന്നത്. ഏപ്രിൽ ആദ്യം ഇത് 20,000 മാത്രമായിരുന്നു. മെയ് അവസാനമാകുന്നതോടെ പ്രതിദിനം ഒരുലക്ഷം കോവിഡ് ടെസ്റ്റുകൾ വീതം ഇന്ത്യയിൽ നടത്താനാകുമെന്നാണ് കരുതുന്നത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ(CSDSO) നിന്ന് കിറ്റ് നിർമാണത്തിനുള്ള അനുമതി നേടിയ ആദ്യ കമ്പനിയാണ് മൈലാബ്. മറ്റ് ആറ് കമ്പനികൾക്കു കൂടി സിഎസ്ഡിഎസ്ഒ നിർമാണാനുമതി നൽകിയിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ലക്ഷ്യമിടുന്നത്രയും ടെസ്റ്റുകൾക്കുള്ള കിറ്റുകളുടെ നിർമാണവും വിതരണവും ഇതോടെ സാധ്യമാവും. RT-PCR ടെസ്റ്റിലൂടെ 75,000 -80,000 സാംപിളുകളാണ് ഇന്ത്യയിൽ നിലവിൽ പരിശോധിക്കുന്നത്. മെയ് അവസാനത്തോടെ ഒരുലക്ഷമായി വർധിപ്പിക്കാനാണ് ഐസിഎംആർ ലക്ഷ്യമിടുന്നത്. 20 സംസ്ഥാനങ്ങളിലെ 140 ലാബുകൾക്കായി ഇതുവരെ 6,50,000 കിറ്റുകളാണ് മൈലാബ് വിതരണം ചെയ്തത്. 20,000 ടെസ്റ്റ് കിറ്റുകളിൽ നിന്ന്രണ്ട് ലക്ഷം കിറ്റുകളിലേക്ക് നിർമാണം വർധിക്കുന്നതോടെ ഇന്ത്യയുടെ ദിനം പ്രതിയുള്ള കോവിഡ്-19 ടെസ്റ്റുകൾ വർധിപ്പിക്കാൻ സാധിക്കുമെന്നും കോവിഡിനെതിരെയുള്ള പ്രതിരോധപ്രവർത്തനത്തിന് ആക്കം കൂടുകയും ചെയ്യുമെന്ന് എസ്എസ്ഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനാവാല പറഞ്ഞു. കൂടാതെ യുകെ കമ്പനിയുമായി സഹകരിച്ച് എസ്ഐഐ ഉത്പാദിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൂടുതൽ കമ്പനികൾ RT-PCR കിറ്റുകളുടെ നിർമാണം വർധിപ്പിക്കുന്നതോടെ ഇന്ത്യയിൽ നിന്ന് കിറ്റുകൾ കയറ്റുമതി ചെയ്യാനും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. നിർമാണം ആരംഭിച്ച മുംബൈ ആസ്ഥാനമായ മെറിൽ ഡയഗണോസ്റ്റിക്സിന്റെ പക്കൽ 2,00,000 കിറ്റുകൾ സ്റ്റോക്കുണ്ട്. മാസം 50 ലക്ഷം കിറ്റുകളുടെ നിർമാണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞതിന് ശേഷം കയറ്റുമതി ചെയ്യുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് കമ്പനിയുടെ ബിസിനസ് ഹെഡ് അനിൽ ഗ്രോവർ പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്ക് കയറ്റുമതിക്കാര്യം ആലോചനയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ നിർമാതാക്കൾക്ക് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത് ആദ്യമാണെന്ന് വിദഗ്ധർ പറയുന്നു. നിർമാണക്കമ്പനികളുടെ നിക്ഷേപം വർധിക്കുന്നതിനൊപ്പം അവരുടെ ഉത്പന്നങ്ങൾക്കാവശ്യമായ മാർക്കറ്റുണ്ടാക്കാനും ഈ അവസരം സഹായകമാവുമെന്നാണ് വിദദ്ധരുടെ അഭിപ്രായം. ഇന്ത്യയുടെ ആവശ്യം നിറവേറ്റുന്നതിനാവശ്യമായ കഴിവുള്ള നിർമാണക്കമ്പനികൾ രാജ്യത്തിനകത്ത് തന്നെയുള്ളപ്പോൾ വിദേശകമ്പനികളെ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നും അവർ പറയുന്നു. ഇന്ത്യയുടെ കയറ്റുമതി മേഖലയുടെ വികസനത്തിനും ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. Content Highlihts: Indian Covid-19 test kit production scaled up imports lowered


from mathrubhumi.latestnews.rssfeed https://ift.tt/2SQnb25
via IFTTT