Breaking

Sunday, May 10, 2020

സച്ചിൻ പറഞ്ഞു: സ്വജീവൻപോലും പണയംവെച്ചിറങ്ങിയ നിങ്ങൾ അമ്മമാരെ കുറിച്ചാണ് എനിക്കറിയേണ്ടത്

''എവിടെച്ചെന്നാലും എന്നെയും എന്റെ ജീവിതത്തെയുംകുറിച്ചാണ് എല്ലാവർക്കും അറിയേണ്ടത്. എന്നാൽ എനിക്കറിയേണ്ടത് നിങ്ങളെക്കുറിച്ചാണ്. സ്വന്തം കുഞ്ഞുങ്ങളിൽനിന്നും കുടുംബത്തിൽനിന്നുമകന്ന്, സ്വജീവൻപോലും പണയംവെച്ചിറങ്ങിയ അമ്മമാരായ നിങ്ങൾ ഓരോരുത്തരെയുംകുറിച്ച്'' ലോകത്തിന്റെ പലഭാഗത്തുനിന്നും തന്നോട് സംസാരിക്കാനെത്തിയ അമ്മമാരോടായി സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. അമ്മമാർ മാത്രമായിരുന്നില്ല അവർ. കോവിഡ് എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളികൾ. മാതൃദിനത്തിന് മാതൃഭൂമി ഒരുക്കിയ ഓൺലൈൻ വേദിയിൽ അവരുമായി മുംബൈയിലെ വീട്ടിൽനിന്നാണ് സച്ചിൻ ആശയവിനിമയം നടത്തിയത്. കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവർ സംസാരിച്ചുതുടങ്ങിയപ്പോൾ സാകൂതം, ആദരത്തോടെ സച്ചിൻ കാതോർത്തു. അസംഖ്യം അഭിമുഖങ്ങളിൽ പങ്കെടുത്തിട്ടുള്ള തന്നെ, ഇത്തരമൊരു വേദിയിൽ ചോദ്യകർത്താവായി നിയോഗിച്ചതിന് മാതൃഭൂമിയോട് അദ്ദേഹം നന്ദി പറഞ്ഞു. പിന്നെ, കൈകൂപ്പി അവരോടായി പറഞ്ഞു, ''രാജ്യം ഒരിക്കലും മറക്കില്ല, ഈ ത്യാഗത്തെ, ഈ നിസ്വാർഥ സേവനത്തെ. വിലമതിക്കാനാവില്ല നിങ്ങളുടെ സേവനം''. മാതൃദിനത്തിൽ മാതൃഭൂമിക്കൊപ്പം സച്ചിനും അമ്മമാരും | വീഡിയോ കാണാം ഇന്നേവരെയില്ലാത്ത മഹത്തായൊരു ത്യാഗത്തിനുമുന്നിൽ ആദരം പ്രകടിപ്പിക്കാനാണ് താനെത്തിയതെന്ന ആമുഖത്തോടെയാണ് സച്ചിൻ തുടങ്ങിയത്. ''ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ എല്ലാവരും എന്നോടുചോദിക്കുന്നത് ഒരേയൊരു കാര്യമാണ്. നിങ്ങൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം കിട്ടുന്നുണ്ടല്ലോയെന്ന്. പക്ഷേ, അപ്പോഴൊക്കെ ഞാനാലോചിച്ചത് അങ്ങനെയൊരു നിമിഷംപോലും കിട്ടാത്ത അമ്മമാരെക്കുറിച്ചാണ്. കോവിഡ് 19 എന്ന മഹാമാരിയെ തുരത്തി, മനുഷ്യരാശിയെ രക്ഷിക്കുന്നതിന് നിസ്വാർഥമായി പോരാടുന്ന അമ്മമാരെക്കുറിച്ച്. അവർക്ക് മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്നുമാത്രമല്ല, അവരിൽച്ചിലർക്ക് വീട്ടിൽപ്പോലും പോകാനാവുന്നില്ല. ഒരുനിമിഷംപോലും പാഴാക്കാതെ അവർ രോഗികളെ പരിചരിച്ചും മറ്റ് പ്രവർത്തനങ്ങളിലേർപ്പെട്ടും പോരാട്ടത്തിലാണ്. അവരെയാണ് ഈ മാതൃദിനത്തിൽ ഞാൻ ഓർക്കുന്നത്. രാഷ്ട്രത്തിനായി സമർപ്പിച്ച ജീവിതങ്ങളാണ് അവരുടേത്'' ''അടുത്തിടെ ഞാനൊരു വീഡിയോകണ്ടു. ഒരുമാസത്തോളമായി കാണാത്ത അമ്മയെത്തേടി അച്ഛനൊപ്പം ബൈക്കിലെത്തിയതാണ് ഒരു കുരുന്ന്. ഏതാനും അടിയകലെ, അവളുടെ അമ്മ നിൽപ്പുണ്ട്. അവർ ഒരു നഴ്സാണ്. നിർഭാഗ്യവശാൽ, അവർക്ക് കുഞ്ഞിന്റെ അടുത്തെത്താൻ പോലുമാകുന്നില്ല. കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സാണവർ. അമ്മയുടെ അടുത്തേക്കുപോകണമെന്ന് വാശിപിടിച്ചുകരയുകയാണ് കുഞ്ഞ്. എന്നാൽ, കണ്ണീരടക്കി നിൽക്കാനല്ലാതെ, ആ അമ്മയ്ക്ക് തന്റെ കുരുന്നിനെ ഒന്ന് ആശ്ലേഷിക്കാനാകുന്നില്ല. ആ നിമിഷത്തെ ത്യാഗമെത്ര വലുതാണെന്ന് നമുക്ക് സങ്കൽപ്പിക്കാനാകുമോ?. അമ്മയെന്തുകൊണ്ടാണ് തന്നെ കെട്ടിപ്പിടിക്കാൻ വരാത്തതെന്ന് ആ കുഞ്ഞ് കരുതിയിട്ടുണ്ടാവും. എനിക്കുറപ്പുണ്ട്... ആ കുട്ടി വളർന്നുവലുതാകുമ്പോൾ, അവൾ ഈ കാര്യമൊക്കെയറിയും. തന്റെ അമ്മ അന്നുകാണിച്ച ത്യാഗമെത്രയെന്ന് അവളറിയും. അവളന്ന് അഭിമാനത്തോടെ, അമ്മയുടെ ത്യാഗത്തിനുമുന്നിൽ നമിക്കും.'' വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള, കൊച്ചി ജില്ലാ പോലീസ് കമ്മിഷണർ ജി. പൂങ്കുഴലി, ലണ്ടനിലെ മാനേജ്മെന്റ് കൺസൾട്ടന്റ് അമൃത ജയകൃഷ്ണൻ, ന്യൂഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ നഴ്സ് അനുജ ജിത്ത്, ദേശീയ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ ഡോ. ഗൗരി നമ്പ്യാർ സെൻഗുപ്ത, ഇസ്രയേലിൽ കെയർഹോം ജീവനക്കാരി ഷിനി മാർക്കോസ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി അഡീഷണൽ പ്രൊഫസ്സർ ഡോ. പി.എൻ. മിനി, ബർമിങ്ങാമിൽനിന്നുള്ള ശിശുരോഗവിദഗ്ധ ഡോ. ദീപ്തി ജ്യോതിഷ്, മുംബൈയിൽനിന്നുള്ള സാമൂഹികപ്രവർത്തക ബിന്ദു ജയൻ, കൊയിലാണ്ടി കോവിഡ് നോഡൽ ഓഫീസർ ഡോ. സന്ധ്യ കുറുപ്പ് എന്നിവരാണ് സച്ചിനുമായി സംസാരിക്കാൻ ഓൺലൈനായി ഒത്തുകൂടിയത്. മാതൃഭൂമി സബ് എഡിറ്റർ സൗമ്യ ഭൂഷൺ സംഭാഷണം ഏകോപിപ്പിച്ചു. Content Highlights:Cricket Legend Sachin Tendulkar salutes COVID warrior mothers in world mothers day


from mathrubhumi.latestnews.rssfeed https://ift.tt/2SSDmvL
via IFTTT