കാഞ്ഞങ്ങാട്: കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനാൽ ക്വാറന്റീനിലായ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് സ്വകാര്യ ക്ലിനിക്കിൽ രോഗികളെ പരിശോധിച്ചു. വിവരമറിഞ്ഞ് സ്പെഷ്യൽ ബ്രാഞ്ച് പോലീസെത്തിയപ്പോൾ ഇദ്ദേഹം ക്ലിനിക്ക് പൂട്ടി കാറിൽക്കയറി സ്ഥലംവിട്ടു. കാഞ്ഞങ്ങാട്ട് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ചിലെയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെയും എസ്.ഐ. മാരാണ് ക്ലിനിക്കിലെത്തിയത്. ഈസമയം ഒട്ടേറെ രോഗികൾ ഡോക്ടറെ കാണാൻ പുറത്തുനിൽപ്പുണ്ടായിരുന്നു. പോലീസെത്തിയ കാര്യം തൽക്ഷണം മനസ്സിലാക്കിയ ഡോക്ടർ ക്ലിനിക്കിനകത്തുണ്ടായിരുന്ന രോഗികളെയെല്ലാം പുറത്താക്കി വാതിൽ പൂട്ടി കാറിൽ രക്ഷപ്പെടുകയായിരുന്നു. മഞ്ചേശ്വരത്തെ സി.പി.എം. പ്രാദേശിക നേതാവിന്റെ സമ്പർക്കപ്പട്ടികയിലുൾപ്പെട്ടയാളായിരുന്നു ഈ ഡോക്ടർ. ഈ മാസം ഏഴിനാണ് നേതാവ് ശബ്ദക്കുറവുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ സമീപിച്ചത്. 14-ന് നേതാവിന് രോഗം സ്ഥിരീകരിച്ചു. അപ്പോൾത്തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ ഈ ഡോക്ടറോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടു. കണക്കുപ്രകാരം ഈ മാസം 21-വരെ ഡോക്ടർ വീട്ടിൽ ക്വാറന്റീനിൽ കഴിയണം. അതിനിടെ ഡോക്ടറുടെ സാമ്പിൾഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. ഫലം നെഗറ്റീവാണെങ്കിലും 14 ദിവസത്തെ ക്വാറന്റീൻ കാലയളവ് ഇല്ലാതാകുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ക്വാറന്റീൻ ലംഘിച്ച ഡോക്ടറെ സർക്കാർ ക്വാറന്റീനിലേക്ക് മാറ്റുമെന്ന് കളക്ടർ ഡോ. ഡി.സജിത്ബാബു പറഞ്ഞു. സർക്കാർ ഡോക്ടർ സ്വകാര്യ ക്ലിനിക്ക് നടത്തിയെന്ന വിഷയം കൂടി ഇതിലുണ്ടെന്നും അതു സംബന്ധിച്ച നടപടിയും സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അതിനിടെ ഡോക്ടർക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.എസ്.സാബു അറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും ഈ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.കെ.സുധാകരനും അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3dRuzlL
via
IFTTT