തൃശ്ശൂർ: കോവിഡ് കാലത്ത് നിരീക്ഷണത്തിലിരിക്കേണ്ടതിന്റെ പേരിലുള്ള ജനപ്രതിനിധികളുടെ പോര് തുടരുന്നു. വാളയാറിലൂടെ കേരളത്തിലെത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവിടെ പോയിരുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയുടെ പേരിലാണ് പോര് മുറുകുന്നത്. വാളയാറിലെത്തി പാസില്ലാത്തതിനാൽ കേരളത്തിലേക്ക് കടക്കാനാകാത്തവരെ കാണാൻ എം.പി.മാരായ ടി.എൻ. പ്രതാപൻ, രമ്യാ ഹരിദാസ് എന്നിവരും അനിൽ അക്കര എം.എൽ.എ.യുമാണ് പോയിരുന്നത്. സ്ഥലത്ത് വി.കെ. ശ്രീകണ്ഠൻ എം.പി., ഷാഫി പറമ്പിൽ എം.എൽ.എ. എന്നിവരും ഉണ്ടായിരുന്നു. ഇവർ അവിടെയെത്തിയതിനെക്കുറിച്ചാണ് മന്ത്രി പ്രതികരിച്ചത്. എന്നാൽ, മന്ത്രി എ.സി. മൊയ്തീൻ വിദേശത്തുനിന്നെത്തിയവരെ സ്വീകരിക്കാനെത്തിയ വീഡിയോ ക്ലിപ്പുമായാണ് ടി.എൻ. പ്രതാപൻ ഇതിനോട് പ്രതികരിച്ചത്. ആദ്യം നിരീക്ഷണത്തിൽ പോകേണ്ടത് ആരാണന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്നാണ് പ്രതാപന്റെ നിലപാട്. വാളയാറിൽ രോഗം സ്ഥിരീകരിച്ചയാൾ എത്തിയപ്പോൾ തങ്ങൾ അവിടെയില്ലായിരുന്നു എന്നതിന്റെ തെളിവിനായി പാലക്കാട് കളക്ടർ ഇറക്കിയ പത്രക്കുറിപ്പും പ്രതാപൻ ഹാജരാക്കി. രോഗി വാളയാറിലെത്തിയത് രാത്രി പത്തരയോടെയാണെന്നാണ് കളക്ടറുടെ കുറിപ്പിലുള്ളത്. എന്നാൽ, രാത്രി പത്തുമണിയോടെ തങ്ങൾ വാളയാറിൽനിന്ന് പുറപ്പെട്ട് പതിനൊന്ന് മണിയോടെ തൃശ്ശൂരിൽ തിരിച്ചെത്തിയതായും പ്രതാപൻ പറഞ്ഞു. തങ്ങളെ നിരീക്ഷണത്തിൽ വിട്ടാൽ അതേദിവസം വാളയാറിലുണ്ടായിരുന്ന ബി.ജെ.പി. നേതാവായ പാലക്കാട് നഗരസഭ വൈസ് ചെയർമാൻ, ബി.ജെ.പി. പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നിവരെയും സമ്പർക്കവിലക്കിൽ വിടേണ്ടിവരുമെന്ന് പ്രതാപൻ പറഞ്ഞു. ഇതിനിടെ നിരീക്ഷണം വേണോ എന്നകാര്യത്തിൽ തർക്കം തുടരുന്നവരുമായി സമ്പർക്കം പുലർത്തിയവരുടെ ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. ടി.എൻ. പ്രതാപന്റെ പക്കൽനിന്ന് ഡി.എം.ഒ.യും ഡെപ്യൂട്ടി ഡി.എം.ഒ.യും ആരോഗ്യ പ്രവർത്തകരും മരുന്നും സാനിറ്റൈസറും വാങ്ങുന്ന ചിത്രമാണ് ഇതിലൊന്ന്. മന്ത്രി എ.സി. മെയ്തീനും അനിൽ അക്കര എം.എൽ.എ.യും പങ്കെടുത്ത കളക്ടറേറ്റിലെ യോഗത്തിന്റെ ചിത്രമാണ് മറ്റൊന്ന്. കളക്ടറും എ.ഡി.എമ്മും എം.എൽ.എ.മാരും ഈ യോഗത്തിലുണ്ടായിരുന്നു. നഴ്സസ് ദിനത്തിൽ ടി.എൻ. പ്രതാപൻ മെഡിക്കൽ കോളേജിലെത്തി നഴ്സിന് മധുരം നൽകുന്ന ചിത്രവും കൂട്ടത്തിലുണ്ട്. ഈ ചിത്രത്തിൽ എം.പി. ശരിയായി മാസ്ക് ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. Content Highlight: Congress MLAs walayar incident
from mathrubhumi.latestnews.rssfeed https://ift.tt/2T4120d
via
IFTTT