ന്യൂഡൽഹി: മദ്യവിൽപ്പനകേന്ദ്രങ്ങളിൽ ഉപഭോക്താക്കളുടെ വൻതിരക്ക് കുറയ്ക്കാൻ ഡൽഹി സർക്കാർ അവതരിപ്പിച്ച വെബ്സൈറ്റ് ( www.qtoken.in) ആദ്യ മണക്കൂറിൽ തന്നെ പണിമുടക്കി. വ്യാഴാഴ്ച അവതരിപ്പിച്ച വെബ്സൈറ്റ് പലർക്കും രാത്രി വൈകിയും ലഭ്യമായില്ല. വെള്ളിയാഴ്ച രാവിലെയും സമാനസ്ഥിതി തന്നെയാണ്. www.qtoken.in എന്ന വെബ് ലിങ്ക് തുറക്കുമ്പോൾ സെർവർ എറർ (500) എന്നാണ് കാണിക്കുന്നത്. ഒരുപാട് ആളുകൾ ഒരേ സമയം വെബ്സൈറ്റിലേക്ക് ഇടിച്ചുകയറിയതാണ് സൈറ്റ് തകരാൻ കാരണമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. വെബ്സൈറ്റിന്റെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഡൽഹി സർക്കാർ അറിയിച്ചു. ഉപഭോക്താക്കളുടെ വൻതിരക്ക് കുറയ്ക്കാനും മദ്യവിൽപ്പനശാലകളിൽ സാമൂഹിക അകലം പാലിക്കുന്നതിനുമായാണ് ഡൽഹി സർക്കാർ ഇ-ടോക്കൺ സംവിധാനം ഏർപ്പെടുത്തിയത്. ടോക്കൺ ലഭിക്കാൻ www.qtoken.in എന്ന വെബ്സൈറ്റിൽ പേരും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യണമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ മൊബൈൽ നമ്പറിലേക്ക് ടോക്കൺ സന്ദേശമായി ലഭിക്കും. തുടർന്ന് ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി എളുപ്പം മദ്യം വാങ്ങാനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. സർക്കാരിന്റെ കീഴിലുള്ളവയിൽ 172 മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കാൻ അനുമതി. ആകെ 864 മദ്യശാലകളാണ് നഗരത്തിലുള്ളത്. ഇവയിൽ 475 എണ്ണം സർക്കാരിന് കീഴിലും ശേഷിക്കുന്ന 389 എണ്ണം സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുമാണ്. തിങ്കളാഴ്ച മുതൽ മദ്യക്കടകൾ വീണ്ടും തുറന്നതോടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ഭൂരിഭാഗംപേരും മദ്യം വാങ്ങാൻ വരിനിൽക്കുന്നത്. ഇതേത്തുടർന്ന് പലയിടത്തും പോലീസ് ലാത്തിച്ചാർജ് നടത്തുകയും കടകൾ അടപ്പിക്കുകയും ചെയ്തിരുന്നു. Content Highlights: Delhi introduces e-token system for liquor sale; website crashes in hours
from mathrubhumi.latestnews.rssfeed https://ift.tt/3bgeZOZ
via
IFTTT