കോട്ടയം: ഒന്നരലിറ്റർ കള്ളിനുവേണ്ടി അഞ്ചുമണിക്കൂർ ഒരുക്കം. ലോക്ഡൗൺ കാലത്ത് ആദ്യമായി തുറന്ന ഷാപ്പിനുമുന്നിൽ ജനം നടപടികൾ പൂർത്തിയാക്കി കാത്തുനിന്നു. പ്രവേശനപരീക്ഷകളുടെ കെട്ടുംമട്ടുമുണ്ടായിരുന്നു ചങ്ങനാശ്ശേരി കൂനന്താനം ഷാപ്പിലെ ഒരുക്കങ്ങൾക്ക്. എല്ലാം അവർ സഹിച്ചത് ഒന്നര ലിറ്ററിനുവേണ്ടി. അണുമുക്തമാക്കിയ ഷാപ്പിൽ കുളിച്ച് വൃത്തിയായി മുഖാവരണവും ധരിച്ച് ഉടമയും ജീവനക്കാരും കയറിപ്പോകുന്നത് കണ്ടപ്പോഴേ രാവിലെ എട്ടിന് വന്നുനിന്നവർക്ക് ആശ്വാസമായി. അതിന് കാരണം കോട്ടയത്തെക്കുറിച്ച് തലേന്ന് കേട്ട വർത്തമാനങ്ങൾ. ജില്ലയിൽ ലേലം പൂർത്തിയായെങ്കിലും പലരും പെർമിറ്റ് നേടിയിട്ടില്ലെന്ന അറിയിപ്പ്. ആലുംകായ പഴുക്കുമ്പോൾ കാക്കയ്ക്ക് സംഭവിച്ചപോലെയാകുമോ കാര്യങ്ങളെന്നായി സംശയം. ഒടുവിലാണ് കുടിയന്മാർക്ക് ആശ്വാസമായി ആ വിവരം അറിഞ്ഞത്. കൂനന്താനം ഷാപ്പ് തുറക്കും. അവിടേക്കുള്ള വണ്ടി ജാറുമായി പുറപ്പെട്ടുവെന്ന്. ഇതോടെ വഴികൾ ചങ്ങനാശ്ശേരി കൂന്നന്താനം ഗ്രാമത്തെ ലക്ഷ്യമിട്ടു. രാവിലെ ഒൻപതിന് മാനേജർ ഗേറ്റിന് വെളിയിൽ കാത്തവരോട് ആമുഖപ്രഭാഷണം നടത്തി. കോവിഡ്കാലമാണ്. സാമൂഹിക അകലം പാലിക്കണം. കവാടത്തിൽവെച്ച സോപ്പും വെള്ളവുംകൊണ്ട് കൈ കഴുകണം. മുഖാവരണം നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ടോക്കണും. ജനം സന്തോഷത്തോടെ സമ്മതിച്ചു. കാത്തുനിന്നാൽ ആവശ്യത്തിന് കിട്ടുമോ എന്നതുമാത്രമേ സംശയം ഉയർന്നുള്ളൂ. ഒന്നല്ല, രണ്ടുവണ്ടി വരുമെന്ന മറുപടിയിൽ സന്തോഷം നുരപൊന്തി. ഗേറ്റിന് കാവൽനിൽക്കാൻ മാനേജർ ചേട്ടായി വേണ്ടെന്ന് വന്നവരിൽ ഉത്തരവാദിത്വമുള്ളവർ അറിയിച്ചു. ഗേറ്റടച്ചു. അഞ്ചുപേർവീതം അകത്തേക്ക്. അവർക്ക് ചെറിയ പന്തലിൽ അഞ്ച് കസേര. ഇരുന്നുകഴിഞ്ഞാൽ അകത്തേക്ക് വിളിവരും. കൗണ്ടറിൽ പണമടച്ച് ടോക്കൺ നൽകും. അഞ്ചുപേർ ഗേറ്റിന് പുറത്തേക്ക്. അതോടെ മറ്റ് അഞ്ചാൾക്ക് അവസരം. ഗേറ്റിന് മുന്നിൽ കൂട്ടംകൂടിയതോടെ സാമൂഹിക അറിയിപ്പ് പാലിക്കാൻ അപേക്ഷ. ജനം ഒരുമീറ്റർ അകലം കാത്തു. 11 മണിയോടെ ആദ്യ പിക്കപ്പെത്തി. ആദരവോടെ ജനം വഴിയൊരുക്കി. തൊഴുത് പ്രാർഥനയോടെ ജാറുകൾ നിരത്തി. കാത്തിരുന്ന ദ്രാവകം കുഴൽവഴി. കുടിച്ചില്ലെങ്കിലെന്താ ആ മണംമതി ചെറിയ പൂസിനെന്ന മട്ടിൽ വളപ്പിൽ നിന്നവർക്ക് ആമോദനിമിഷം. 1.15-ന് കള്ളു വിതരണം. ടോക്കൺ കിട്ടിയവർ വീണ്ടും വരിനിന്നു. കള്ള് ഏറ്റുവാങ്ങി. കുപ്പികൾ കരുതിയിരുന്നെങ്കിലും ഷാപ്പിൽനിന്ന് പൊട്ടാത്ത കവറിൽ ഒന്നരവീതം പകർന്നുനൽകി. ഒരാൾക്ക് ഒന്നര എന്ന കടമ്പ നേരിടാൻ വഴി കണ്ടെത്തിയവരും ഉണ്ടായി. കൂട്ടമായി ടോക്കൺ എടുത്ത് ആ ലോക്കും പൊളിച്ചു. ഗേറ്റ് കടന്ന് വന്നവർ രണ്ട് കവറുകളും തലയ്ക്കുമീതേ ഉയർത്തി ആഹ്ലാദിച്ചു. പൊട്ടാതെ നോക്കണേ ചേട്ടാ... ഛോട്ടാ മുംബൈയിലെ സിദ്ദിഖിന് പറ്റിയ പറ്റ് വരരുതെന്ന് ഉപദേശം. അങ്ങനെ വഴുതുന്ന കൈയല്ലടാ.. എന്ന് മറുപടിയുമായി മടക്കം. ആ യാത്രകണ്ട് സന്തോഷത്തോടെ മറ്റ് കാത്തുനിൽപ്പുകാരും. ******* കള്ളെത്താത്തതിനാൽ കൊല്ലത്ത് കള്ളുഷാപ്പുകൾ ബുധനാഴ്ച തുറന്നില്ല. കണ്ണൂരിൽ മൂന്നുഷാപ്പിൽ മാത്രമാണ് കള്ള് വിൽപ്പന പേരിനെങ്കിലും നടന്നത്. ചിലർ തുറന്ന് അറ്റകുറ്റപ്പണി നടത്തി. Content Highlights: Toddy shops in Kerala witness heavy rush
from mathrubhumi.latestnews.rssfeed https://ift.tt/3cvDNUF
via
IFTTT