Breaking

Saturday, May 9, 2020

വൃക്ക മാറ്റിവയ്ക്കാൻ രാജൻ ഓട്ടോറിക്ഷ ഓടിച്ചെത്തി; ഇനി പുതുജീവിതത്തിലേക്ക്

തിരുവനന്തപുരം : മാറ്റിവയ്ക്കാൻ അനുയോജ്യമായ വൃക്ക ലഭ്യമാണെന്നറിഞ്ഞപ്പോൾ പിന്നെ രാജൻ വേറൊന്നും ചിന്തിച്ചില്ല. കോവിഡ് ഭീതിക്കിടയിലും പാറശ്ശാല മുര്യത്തോട്ടത്തുനിന്ന് പുലർച്ചെ അഞ്ചു മണിക്ക് ഓട്ടോറിക്ഷ ഓടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. മൃതസഞ്ജീവനി പദ്ധതിയിലൂടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് രാജൻ മടങ്ങിയത് പുതുജീവിതത്തിലേക്ക്. ഓട്ടോറിക്ഷാത്തൊഴിലാളിയായ പാറശ്ശാല മുര്യത്തോട്ടം തോട്ടത്തുവിള പുത്തൻവീട്ടിൽ രാജനാ(45)ണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഏപ്രിൽ 17-ന് വെളുപ്പിന് അഞ്ചുമണിക്കാണ് യോജിച്ച വൃക്കയുണ്ടെന്നും പെട്ടെന്ന് ആശുപത്രിയിൽ എത്താനുമുള്ള സന്ദേശം രാജനു ലഭിച്ചത്. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് ഫോണിൽ വിവരം പറഞ്ഞപ്പോൾ രാജൻ ഉടനെ പുറപ്പെട്ടു. അർബുദരോഗിയായ ഭാര്യയെയും കൂട്ടി മെഡിക്കൽ കോളേജിലേക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തുകയായിരുന്നു. ദാതാവിന്റെയും സ്വീകർത്താവിന്റെയും കോവിഡ് പരിശോധനകൾക്കൊപ്പം മറ്റു നടപടികളും പൂർത്തിയാക്കി ശസ്ത്രക്രിയയും നടന്നു. യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. കോവിഡ്-19ന്റെ ഭാഗമായുള്ള ലോക് ഡൗൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ തരണംചെയ്താണ് ശസ്ത്രക്രിയ നടന്നത്. അതിനായി മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി അടിയന്തരചികിത്സ ലഭ്യമാക്കുകയായിരുന്നു. രാജൻ രക്താദിസമ്മർദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. പിന്നീട് ഇരു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർചികിത്സയ്ക്കെത്തി. വൃക്ക മാറ്റിവയ്ക്കൽ മാത്രമായിരുന്നു പോംവഴി. അതിനു ലഭിച്ച അവസരം ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന് രാജനും ഭാര്യ സിന്ധുവും പറയുന്നു. സിന്ധു അർബുദരോഗത്തിനു ചികിത്സയിലാണ്. 'എനിക്കെന്തെങ്കിലും സംഭവിച്ചാൽ മകളെ നോക്കാൻ ഭർത്താവുണ്ടാകുമെന്ന സമാധാനമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിനും രോഗം ബാധിച്ചപ്പോൾ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ അദ്ദേഹത്തിനു വൃക്ക മാറ്റിവയ്ക്കാനായി' -സിന്ധുവിന്റെ വാക്കുകളിൽ ആശ്വാസം. ശസ്ത്രക്രിയ കഴിഞ്ഞ് 21 ദിവസത്തിനു ശേഷം വെള്ളിയാഴ്ച രാജൻ ആശുപത്രി വിട്ടു. മൃതസഞ്ജീവനിയുടെ അമരക്കാരായ ഡി.എം.ഇ. ഡോ. എം.റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ.അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമദ് എന്നിവരുടെ മേൽനോട്ടവും സഹായകമായെന്ന് രാജനും കുടുംബവും പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ.അജയകുമാറിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരാണ് രാജനെ യാത്രയാക്കിയത്. Content Highlights:Rajan drives his auto and reached Tvm Medical College at about 5 am for kidney transplantation


from mathrubhumi.latestnews.rssfeed https://ift.tt/3dxOoP5
via IFTTT