മൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബീർ സിങ് സീനിയർ (96) അന്തരിച്ചു. ദീർഘനാളായി വാർധക്യസഹജമായഅസുഖങ്ങളെ തുടർന്ന് മൊഹാലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ച ആറരയ്ക്കായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബൽബീർ രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയിൽ വച്ച് രണ്ടു തവണ ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. കോവിഡ് ടെസ്റ്റിന് വിധേയനായിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു. ഇന്ത്യയ്ക്ക് മൂന്ന് ഒളിമ്പിക് സ്വർണം നേടിക്കൊടുത്ത ബൽബീറിനെ സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്. 1948 (ലണ്ടൻ), 1952 (ഹെൽസിങ്കി), 1956 (മെൽബൺ) ഒളിമ്പിക്സുകളിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ഹെൽസിങ്കിയിൽ ടീമിന്റെ ഉപനായകനും മെൽബണിൽ നായകനുമായിരുന്നു സിങ്. ഹെൽസിങ്കി ഒളിമ്പിക്സിൽ അത്ലറ്റുകളുടെ മാർച്ച്പാസ്റ്റിൽ ഇന്ത്യയുടെ പതാകയേന്തിയത് സിങ്ങായിരുന്നു. ഒളിമ്പിക് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോഡ് ബൽബീറിന് സ്വന്തമാണ്. 1952 ഹെൽസിങ്കി ഒളിമ്പിക്സിന്റെ ഫൈനലിലാണ് അഞ്ച് ഗോൾ നേടി സിങ് ഈ റെക്കോഡിട്ടത്. ഇംഗ്ലണ്ടിന്റെ റെഗ്ഗി പ്രിഡ്മോർ 1908ൽ സ്ഥാപിച്ച നാലു ഗോൾ എന്ന റെക്കോഡാണ് ബൽബീർ പഴങ്കഥയാക്കിയത്. 1958ൽ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സിങ് പിന്നീട് വിരമിച്ച് ടീമിന്റെ പരിശീലകനായി. ബൽബീർ പരിശീലിപ്പിച്ച ടീമാണ് 1971ൽ ലോകകപ്പ് സ്വർണവും 1975ൽ വെങ്കലവും നേടിയത്. 1957ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2015ൽ ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. 1958ൽ ഡൊമിനിക്കൻ റിപ്പബ്ലിക് മെൽബൺ ഒളിമ്പിക്സിന്റെ സ്മരണാർഥം പുറത്തിറക്കിയ തപാൽ സ്റ്റാമ്പിൽ ഗുർദേവ് സിങ്ങിനൊപ്പം ബൽബീറും ഇടം പിടിച്ചു. 1982 ഡെൽഹി ഏഷ്യാഡിൽ ദീപശിഖ തെളിയിച്ചത് ബൽബീറായിരുന്നു. 1982ൽ പാട്രിയറ്റ് ദിനപത്രം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ കായികതാരമായി തിരഞ്ഞെടുത്തത് ബൽബീറിനെയായിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ ഏറ്റവും മികച്ച പതിനാറ് ഒളിമ്പ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒരാൾ ബൽബീർ സിങ്ങായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു പ്രതിനിധി. എന്നാൽ, ഒപ്പേറ ഹൗസിലെ ഒളിമ്പിക് മ്യൂസിയത്തിൽ സിങ്ങിന്റെ ഒളിമ്പിക് ബ്ലസറുകൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സിങ് പ്രദർശനത്തിനായി സംഭാവന ചെയ്ത തന്റെ ബ്ലേസറുകളും മെഡലുകളുമെല്ലാം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കൽ നിന്ന് കൈമോശം വന്നതായിരുന്നു കാരണം. ഈ സ്മരണികൾ വിട്ടുകിട്ടാൻ സിങ്ങിന്റെ കുടുംബം കുറേ നടന്നെങ്കിലം നിരാശയായിരുന്നു ഫലം. രണ്ട് ആത്മകഥകൾ രചിച്ചിട്ടുണ്ട് ബൽബീർ. ദി ഗോൾഡൻ ഹാട്രിക്കും ദി ഗോൾഡൻ യാർഡ്സ്റ്റിക്: ദി ക്വസ്റ്റ് ഓഫ് ഹോക്കി എക്സലൻസും. ബൽബീർ കൂടി അംഗമായ 1948ലെ ഹോക്കി ടീമിന്റെ കഥയാണ് അക്ഷയ് കുമാറിന്റെ ഗോൾഡ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ഇതിവൃത്തം. അതിൽ സണ്ണി കൗശൽ ചെയ്ത ഹിമ്മത്ത് സിങ് എന്ന കഥപാത്രം ബൽബീറിന്റെ തിരരൂപമായിരുന്നു. സുശിയാണ് ഭാര്യ. സുഷ്ബിർ, കൻവാൽബിർ, കരൺബിർ, ഗുർബീർ എന്നിവരാണ് മക്കൾ. ഇവരെല്ലാവരും കാനഡയിലെ വാൻകൂവറിലാണ് താമസം. സിങ്ങും കനേഡിയൻ പൗരത്വം സ്വീകരിച്ചിരന്നു. Content Highlights:Indias Olympic Hero Hockey Legend Balbir Sing Snr Passed Away Indian Hockey
from mathrubhumi.latestnews.rssfeed https://ift.tt/3ejDwon
via
IFTTT