Breaking

Wednesday, May 13, 2020

വോട്ടെണ്ണലിൽ കൃത്രിമം; ഗുജറാത്ത് നിയമമന്ത്രിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി

അഹമ്മദാബാദ്: വോട്ടെണ്ണലിലെ കൃത്രിമം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തെളിഞ്ഞതിനാൽ ഗുജറാത്തിലെ വിദ്യാഭ്യാസ, നിയമകാര്യ മന്ത്രി ഭൂപേന്ദ്രസിങ് ചുഡാസമയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തൊട്ടടുത്ത എതിർസ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡിന്റെ ഹർജിയിലാണ് ജസ്റ്റിസ് പരേശ് ഉപാധ്യായയുടെ വിധി. അഹമ്മദാബാദ് ജില്ലയിലെ ധോൽക്കയിൽനിന്ന് 2017-ൽ 327 വോട്ടിനാണ് ചുഡാസമ വിജയിച്ചത്. വരണാധികാരിയായിരുന്ന ഡെപ്യൂട്ടി കളക്ടർ ധവാൽ ജനി ബി.ജെ.പി. സ്ഥാനാർഥിക്കായി പല ഇടപെടലും നടത്തിയതായി ഹൈക്കോടതി കണ്ടെത്തി. 429 തപാൽ വോട്ടുകൾ അസാധുവാക്കിയ ജനിയുടെ നടപടി നിയമവിരുദ്ധമാണ്. വോട്ടിങ് യന്ത്രത്തിലൂടെ ചെയ്തവയിൽ 29 വോട്ടുകൾ എണ്ണിയില്ല. 1,59,946 വോട്ടുകൾ പോൾ ചെയ്തെങ്കിലും 1,59,917 വോട്ടുകളാണ് എണ്ണിയത്. ചുഡാസമയുടെ സഹായിയെ നിയമവിരുദ്ധമായി എണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സെന്ററിൽ സ്വന്തം മൊബൈൽ ഫോൺ പലവട്ടം ജനി ഉപയോഗിച്ചു -ഹൈക്കോടതി കണ്ടെത്തി. കേസിൽ വാദം നടക്കുന്നതിനിടെ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സുപ്രീംകോടതിയിൽ പോയിരുന്നെങ്കിലും ഫലമുണ്ടായില്ല. നിയമമന്ത്രി കൂടിയായ ചുഡാസമയുടെ നടപടിയിൽ ഹൈക്കോടതി അതൃപ്തി സൂചിപ്പിച്ചതിനാൽ അദ്ദേഹത്തിനു നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിക്കേണ്ടിവന്നിരുന്നു. ഹൈക്കോടതി വിധിക്കെതിരേ ചുഡാസമയ്ക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. ഭൂരിപക്ഷം കുറവായ 20 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെപ്പറ്റി കോൺഗ്രസ് സ്ഥാനാർഥികൾ കോടതിയിൽ നേരത്തേ ഹർജി നൽകിയിട്ടുണ്ട്. അഞ്ചുവട്ടം ധോൽക്കയിൽ നിന്ന് എം.എൽ.എ. ആയിരുന്ന ചുഡാസമ സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി. നേതാക്കളിൽ ഒരാളാണ്. നരേന്ദ്രമോദി മന്ത്രിസഭയിലടക്കം അഞ്ച് മന്ത്രിസഭകളിൽ അംഗമായിരുന്നു. റവന്യൂ, കൃഷി തുടങ്ങിയ പ്രധാന വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, നർമദാ നിഗം ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. Content Highlight: Gujarat Law ministers election win invalidated by High Court


from mathrubhumi.latestnews.rssfeed https://ift.tt/3dEBjTZ
via IFTTT