കോവളം: കാറിന്റെ ഡിക്കിയിൽനിന്ന് സാധനങ്ങളെടുത്തശേഷം അത് അടയ്ക്കാഞ്ഞത് ഇത്രവലിയ ആശങ്കയ്ക്ക് കാരണമാകുമെന്ന് വീട്ടുകാർ അറിഞ്ഞില്ല. മുറ്റത്തുനിന്ന ഒരുവയസ്സുകാരി അമാന പിച്ചവെച്ച് നടന്നുകയറിയത് കാറിന്റെ ഡിക്കിക്കുള്ളിൽ. കയറിയപാടേ ഡിക്കിയുടെ വാതിലുമടച്ചു. തിണ്ണയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിന്നനിൽപ്പിൽ കാണാതായതോടെ വീട്ടുകാർ ഭയന്നു. ആളുകൂടി നാലുപാടും തിരഞ്ഞു. കാറിനുള്ളിൽ ചെറിയ ശബ്ദം കേട്ടതാണ് അങ്ങോട്ടേക്ക് ശ്രദ്ധപതിയാൻ കാരണം. ഡിക്കിക്കുള്ളിൽ കുഞ്ഞുണ്ടെന്ന് കണ്ടതോടെയാണ് വീട്ടുകാർക്ക് ശ്വാസം നേരെവീണത്. എന്നാൽ ആശ്വാസനിമിഷങ്ങൾ നീണ്ടുനിന്നില്ല. കാറിന്റെ നാലുവാതിലും ചില്ലും പൂട്ടിക്കിടക്കുകയായിരുന്നു താക്കോൽ തിരഞ്ഞപ്പോഴാണ് അതും കുഞ്ഞിന്റെ കൈയിലാണെന്ന് അറിഞ്ഞത്. ഇതോടെ വീട്ടുകാരും തിരയാനെത്തിയ അയൽവാസികളും പരിഭ്രമത്തിലായി. പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കാറിന്റെ വാതിൽ തുറക്കാനായില്ല. ഒടുവിൽ വിഴിഞ്ഞം അഗ്നിശമനസേനയെ അറിയിച്ചു. അവർവന്ന് സ്കെയിലും മറ്റും ഉപയോഗിച്ച് ചില്ലുകൾ താഴ്ത്തി വാതിൽതുറന്ന് കുഞ്ഞിനെയെടുത്തു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം. അല്പം പരിഭ്രമിച്ചിരുന്നെങ്കിലും വീട്ടുകാരെ ചുറ്റും കാണാവുന്നതിനാൽ കുഞ്ഞ് കരഞ്ഞില്ല. തനിക്കു വേണ്ടിയാണ് ചുറ്റുപാടും നടക്കുന്ന ബഹളമെന്നറിഞ്ഞില്ലെന്നുമാത്രം. കോവളം കമുകിൻകോട് സ്വദേശി അൻസാറിന്റെ മകളാണ് അമാന. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ, സീനിയർ ഫയർ ഓഫീസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. Content Highlight: ne year old locks in car
from mathrubhumi.latestnews.rssfeed https://ift.tt/3csINZX
via
IFTTT