Breaking

Sunday, May 10, 2020

ആദ്യ ആഴ്ച ട്രയല്‍ റണ്‍; ലോക്ക്ഡൗണിന് ശേഷം ഫാക്ടറികൾ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡൽഹി: ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ വ്യവസായങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ ആഴ്ച പരീക്ഷണമായിട്ടോ ട്രയലായിട്ടോ പരിഗണിച്ച് വേണം പ്രവർത്തിക്കേണ്ടതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചത്. വ്യവസായ യൂണിറ്റ് പരസരത്തുള്ള ദുരന്തനിവാരണ സംവിധാനങ്ങളും സുരക്ഷാസൗകര്യങ്ങളും കാര്യക്ഷമമാണെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം. ജില്ലാ അതോറിറ്റികൾ ഇതുസംബന്ധിച്ച് പരിശോധനകൾ നടത്തണം. ആദ്യ ആഴ്ച ട്രയൽ അല്ലെങ്കിൽ ടെസ്റ്റ് റൺ കാലയളവായിട്ടാണ് വ്യവസായ യൂണിറ്റുകൾ പരിഗണിക്കേണ്ടത്. യൂണിറ്റ് പുനരാരംഭിക്കുമ്പോൾ തന്നെ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും ഉറപ്പാക്കണം. തുടക്കത്തിൽ തന്നെ ഉയർന്ന ഉത്പാദന ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്. അപകടസാധ്യത കുറയ്ക്കുന്നതിന് നിർദ്ദിഷ്ട ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ സംവേദനക്ഷമത പുലർത്തേണ്ടത് പ്രധാനമാണ്. 40 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിശാഖപട്ടണത്ത് എൽജിയുടെ പോളിമർ ഫാക്ടറി തുറന്നപ്പോൾ വിഷവാതക ചോർച്ചയുണ്ടായിരുന്നു. ഈ ദുരന്തത്തിൽ 12 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശം. അസാധാരണമായ ശബ്ദം, മണം, ചോർച്ച, പുക അല്ലെങ്കിൽ അപകടകരമായ മറ്റു അടയാളങ്ങൾ തുടങ്ങിയ കാര്യങ്ങൾ തിരച്ചറിയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പുനരാരംഭിക്കുന്ന ഘട്ടത്തിൽ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ഉപകരണങ്ങളും പരിശോധിക്കാനും നിർദേശമുണ്ട്. പ്രവർത്തനത്തിന് തടസ്സമായി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് പ്രത്യേക സഹായത്തിനായി പ്രാദേശിക ജില്ലാ ഭരണകൂടത്തെ സമീപിക്കാം. ഫാക്ടറി പരിസരം 24 മണിക്കൂറും ശുചിത്വവൽക്കരിക്കണം. പ്രവേശനകവാടങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കണം. എല്ലാ ജീവനക്കാരുടേയും താപനില ദിവസത്തിൽ രണ്ടുതവണ പരിശോധിക്കണം. രോഗലക്ഷണങ്ങൾ കാണിക്കുന്ന തൊഴിലാളികളെ ജോലിക്ക് റിപ്പോർട്ട് ചെയ്യിക്കരുത്. എല്ലാ ഫാക്ടറികളിലും നിർമാണ യൂണിറ്റുകളിലും കയ്യുറകൾ, മാസ്ക്, ഹാൻഡ് സാനിറ്ററൈസുകൾ തുടങ്ങിയവ നൽകണം. കോവിഡ് ആരോഗ്യ പ്രതിരോധം സംബന്ധിച്ച് തൊഴിലാളികൾക്ക് ക്ലാസുകൾ നൽകണം. ഫാക്ടറിയിൽ പ്രവേശിക്കുന്നത് മുതൽ പുറത്തുകടക്കുന്നതുവരെയുള്ള സുരക്ഷാ നടപടികൾ സംബന്ധിച്ച് തൊഴിലാളികളെ പഠിപ്പിക്കണം. വർക്ക്ഫ്ളോറിനുള്ളിലെ ശാരീരിക അകലം പാലിക്കുകയും ഭക്ഷണസൗകര്യങ്ങൾ ഉറപ്പാക്കുകയും വേണം. 24 മണിക്കൂറോ അല്ലെങ്കിൽ തുടർച്ചയായോ പ്രവർത്തിക്കുന്ന ഫാക്ടറികളും പ്ലാന്റുകളും ഷിഫ്റ്റുകൾക്കിടയിൽ ഒരു മണിക്കൂർ ഇടവേള പരിഗണിക്കണമമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ഒരു സമയം എത്രപേർക്ക് പ്രവർത്തിക്കാമെന്നതടക്കം ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ പിന്തുടരണം. ഏതെങ്കിലും തരത്തിൽ ഒരു തൊഴിലാളിക്ക് കോവിഡ് കണ്ടെത്തിയാൽ അയാളെ ഐസൊലേറ്റ് ചെയ്യാനുള്ള സൗകര്യം ഫാക്ടറികൾ ഒരുക്കേണ്ടതുണ്ട്. തുടർന്ന് മുഴവൻ ജീവനക്കാരേയും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിലാക്കാനുള്ള പ്രക്രിയകൾക്ക് എച്ച്.ആർ. സഹായിക്കേണ്ടതുണ്ട്. അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ ഈ മേഖലയിൽ വിദഗ്ധരും പരിചയസമ്പന്നരും ആയിരിക്കണം. ഒരു വ്യാവസായിക യൂണിറ്റ് തുറക്കുമ്പോൾ അത്തരം തൊഴിലാളികളെ വിന്യസിക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗരേഖയിൽ പറയുന്നു. Content Highlights:NDMA issues guidelines for restart of manufacturing industries after lockdown


from mathrubhumi.latestnews.rssfeed https://ift.tt/2AcwliR
via IFTTT