Breaking

Thursday, May 21, 2020

കൊറോണ വൈറസിന് പരിവര്‍ത്തനം: പുതിയ കേസുകളില്‍ ആശങ്കയുമായി ചൈന

ജിലിൻ: ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ വുഹാനിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ചൈനയിലെ ആരോഗ്യവിദഗ്ധർ. വൈറസ് പരിവർത്തനം ചെയ്തിട്ടുണ്ടെന്നും വൈറസ് വ്യാപനം തുടച്ചുനീക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമത്തെ മാറ്റങ്ങൾ സങ്കീർണമാക്കുകയാണെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. വുഹാനിൽ നിന്ന് വ്യതസ്തമായി ജിലിൻ, ഹെയ്ലോങ്ജിയാൻ പ്രവിശ്യകളിലെ രോഗികളിൽ വൈറസ് ബാധ കൂടുതൽ സമയത്തേക്ക് നിലനിന്നുരുന്നു. ഇവരുടെ പരിശോധനാഫലം നെഗറ്റീവാകാനും വൈകി. വൈറസ് ബാധയുള്ളവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും കാലതാമസമെടുക്കുന്നുണ്ട്. രോഗവ്യാപനം തടയുന്നതിനായി നേരത്തെ രോഗികളെ തിരിച്ചറിയുക എന്നുള്ളത് അധികൃതർക്ക് വെല്ലുവിളിയായിരിക്കുകയാണെന്ന് വടക്കൻ മേഖലയിലെ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർ ക്യു പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടുപ്രവിശ്യകളിലെ മൂന്നുനഗരങ്ങളിലായി 46 പുതിയ കോവിഡ് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീണ്ടും വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ലോക്ക്ഡൗൺ നടപ്പാക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. വൈറസിനുണ്ടായ മാറ്റങ്ങൾ വ്യാപനം തടയുന്നതിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. എന്നാൽ വൈറസിന് എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും പൂർണമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്ത ആദയ ഘട്ടത്തിൽ നിന്ന് വിഭിന്നമായി രോഗികളെ നിരീക്ഷിക്കാൻ ഡോക്ടർമാർക്ക് കൂടുതൽ സമയം ലഭിച്ചതിനാലാകാണം ഈ വ്യത്യാസം അനുഭവപ്പെടുന്നതെന്നും നിഗമനങ്ങളണ്ട്. വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ അനേകം പേർക്ക് രോഗം ബാധിച്ചതിനാൽ ഗുരുതരമായി രോഗം ബാധിച്ചവരെ മാത്രമേ ചികിത്സിച്ചിരുന്നുള്ളൂ. വൈറസ് മനുഷ്യരിലൂടെ വ്യാപിക്കുമ്പോൾ അതിന് പരിവർത്തനം സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ലോകമെമ്പാടുമുള്ള ഗവേഷകർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച മുൻകാല ഗവേഷണങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. ജനിതകഘടനയിലുണ്ടാകുന്ന ചില മാറ്റങ്ങൾ വൈറസിന്റെ ഘടനയിൽ അല്ലെങ്കിൽ അതെങ്ങനെ പ്രവർത്തിക്കുന്നു എന്നതിൽ മാറ്റങ്ങൾ വരുത്തിയേക്കാം. എന്നാൽ പല പരിവർത്തനങ്ങളിലും ഗണ്യമായ മാറ്റങ്ങൾ സംഭവിക്കാറില്ല. ഹോങ്കോങ് സർവകലാശാലയിലെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഡയറക്ടറും ക്ലിനിക്കൽ പ്രൊഫസറുമായ കെയ്ജി ഫുകുദ പറയുന്നു. വൈറസ് പരിവർത്തനം ചെയ്യുന്നുവെന്ന നിഗമനത്തിലെത്താൻ വ്യക്തമായ തെളിവുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ രോഗികളുടെ ശ്വാസകോശത്തെയാണ് അസുഖം കൂടുതലായി ബാധിക്കുന്നത്. എന്നാൽ വുഹാനിൽ രോഗികളുടെ ഹൃദയം, വൃക്ക, കുടൽ തുടങ്ങി ഒന്നിലധികം അവയവങ്ങൾ തകരാറിലായിരുന്നു. ഡോക്ടർ ക്യു പറയുന്നു. റഷ്യയിൽ നിന്ന് രോഗബാധിതരായി എത്തിയവരുമായി സമ്പർക്കത്തിൽപ്പെട്ട രോഗികളാണ് വ്യത്യസ്തമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളും റഷ്യയുമായി ബന്ധപ്പെട്ട കേസുകളും തമ്മിൽ സാമ്യമുള്ളതായും പറയുന്നു ഏതായാലും വൈറസ് വ്യാപനത്തെ ശക്തമായി പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് ചൈന. വടക്കുകിഴക്കൻ പ്രവിശ്യകളിൽ ലോക്ക്ഡൗൺ നടപടികൾ തിരികെ കൊണ്ടുവരാനും ട്രെയിൻ സർവീസുകൾ നിർത്താനും സ്കൂളുകൾ അടയ്ക്കാനും റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്. വൈറസ് വ്യാപനം അവസാനിച്ചെന്ന് ആളുകൾ കരുതരുത്. രോഗത്തിനെതിരായ മുൻകരുതലുകൾ ഉപേക്ഷിക്കരുത്. പകർച്ചവ്യാധി വളരെക്കാലം നിലനിൽക്കാൻ സാധ്യതയുണ്ട്. മുതിർന്ന ഡോക്ടറായ വു അൻഹുവ പറയുന്നു. Content Highlights:the coronavirus manifest differently among patients in its new cluster: Chinese Doctors


from mathrubhumi.latestnews.rssfeed https://ift.tt/3d1W7Vq
via IFTTT