ലണ്ടൻ: മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കോവിഡ് ചികിത്സക്ക് ഫലംനൽകില്ലെന്ന് മറ്റൊരു പരിശോധനയിൽകൂടി തെളിഞ്ഞതായി റിപ്പോർട്ട്. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നൽകിയ ശേഷം രോഗികളുടെ അവസ്ഥയിൽ ഒരു മാറ്റവും കണ്ടെത്താനായില്ലെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ (എൻ.ഇ.ജെ.എം) പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനത്തിൽ ഡോക്ടർമാർ പറയുന്നത്, ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉപയോഗം ശ്വസനസഹായം ആവശ്യമുള്ള രോഗികൾക്ക് ശമനം നൽകുകയോ മരണസാധ്യതയുള്ളവരിൽ കുറവ് വരുത്തുകയോ ചെയ്തിട്ടില്ലെന്നാണ്. മരുന്നിൽ ഗുണങ്ങളോ ദോഷങ്ങളോ ഒന്നും തന്നെയില്ലെന്നും പഠനം പറയുന്നു. ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ ആശുപത്രിയിലും ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്സിറ്റി ഇർവിംഗ് മെഡിക്കൽ സെന്ററിലും കോവിഡ് -19 ലക്ഷണങ്ങളുള്ള 1,376 രോഗികൾക്ക് ക്രമമനുസരിച്ച് ഈ മരുന്ന് നൽകുകയുണ്ടായി. ഹൈഡ്രോക്സിക്ലോറോക്വിൻ നൽകാത്തവരെ അപേക്ഷിച്ച് നൽകിയ രോഗികളിൽ ഇന്റ്റുബേഷൻ അല്ലെങ്കിൽ മരണം ഉണ്ടാകാനുള്ള സാധ്യത ഉയർന്നതോ കുറവോ അല്ലെന്നാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. ഹൈഡ്രോക്സിക്ലോറോക്വിൻ ഒരു തരത്തിലും അത്തരമൊരു അവസ്ഥയെ ബാധിക്കുന്നില്ലെന്നും പറയുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉപയോഗം ഗുരുതരമായ ഹൃദയപ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്നും വിദഗ്ദ്ധരുടെ കുറിപ്പടിയോ മേൽനോട്ടമോ ഇല്ലാതെ അവ ഉപയോഗിക്കരുതെന്നും യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പൊതുജനങ്ങൾക്ക് രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് ചികിത്സക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം നിർദേശിച്ചിരുന്ന മരുന്നായിരുന്നു ഹെഡ്രോക്സിക്ലോറോക്വിൻ. Content Highlights: coronavirus-hydroxychloroquine fails another test as a Covid-19 treatment, says study
from mathrubhumi.latestnews.rssfeed https://ift.tt/2Wf61NC
via
IFTTT