Breaking

Saturday, October 23, 2021

കൂട്ടിക്കലില്‍ വാടകവീട് തേടി ജനങ്ങളുടെ നെട്ടോട്ടം

കാഞ്ഞിരപ്പള്ളി: ഏഴും മൂന്നും വയസ്സുള്ള കുട്ടികളെയുമായി ഞങ്ങളെങ്ങോട്ട് പോകും. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് ആറ്റുതീരത്ത് താമസിച്ചിരുന്ന പൂവത്തിനാകുഴിയിൽ രേണു ചോദിക്കുന്നു. പ്രളയം ഇവരുടെ വീടെടുത്തു. ഉടനെങ്ങും ഇത് നന്നാക്കാൻ പറ്റില്ല. വാടകയ്ക് വീട് അന്വേഷിച്ചിട്ട് കിട്ടാനില്ല. എന്ത് ചെയ്യുമെന്നറിയാതെ ക്യാമ്പിൽ തുടരുകയാണ് ഇവർ. രേണുവിനെപ്പോലെ നൂറുകണക്കിനാളുകൾ കൂട്ടിക്കൽ മേഖലയിൽ വാടകവീട് തേടി നെട്ടോട്ടത്തിലാണിപ്പോൾ. പ്രളയം തകർത്ത വീടുകളിലേക്ക് ഇപ്പോൾ മടങ്ങി പോക്കില്ല. നന്നാക്കി താമസിക്കാമോ എന്ന് ഉറപ്പില്ല. ക്യാമ്പ് ഒഴിയുമ്പോൾ എങ്ങോട്ട് പോകും. ചെറിയൊരു പട്ടണമായ ഇവിടെ വാടകയ്ക്ക് കിട്ടാൻ അധികം വീടൊന്നുമില്ല. ചിലർ വായ്പ വാങ്ങി മറ്റ് സ്ഥലങ്ങളിൽ പോയി വാടകവീട് ഉറപ്പിച്ചു. കുട്ടികളുടെ പഠനം, സ്വകാര്യത എന്നിവയെല്ലാം ഉറപ്പാക്കാൻ എത്രയും വേഗം വാടകയ്ക്കെങ്കിലും ഒരു കൂരക്കുള്ളിലാകണം. ക്യാമ്പിൽ കഴിയുന്നവരുെട ആഗ്രഹങ്ങൾ സഫലമാകാൻ അത്ര എളുപ്പമല്ല. പുല്ലകയാറിലേക്ക് മറിഞ്ഞുപോയ വീടിന്റെ ഉടമ കൊല്ലംപറമ്പിൽ ജെബിക്ക് വാടകയ്ക്ക് വീടെടുക്കാൻ ആഗ്രഹമുണ്ടെങ്കിലും പറ്റിയ സാമ്പത്തികനിലയല്ല. ഇപ്പോൾ സഹോദരനൊപ്പമാണ് താമസം. വീട് വാടകയ്ക്ക് കിട്ടിയാലും പ്രതിസന്ധികൾ ബാക്കിയാണ്. ഉപകരണങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും പുതുതായി വാങ്ങണം. ഇട്ടിരുന്ന വസ്ത്രവുമായി പെരുമഴയത്ത് ഇറങ്ങിപ്പോന്നവർക്ക് കൈവശം മറ്റൊന്നുമില്ല. കാഞ്ഞിരപ്പള്ളി താലൂക്കിലെ 11 വില്ലേജുകളിൽനിന്നായി 929 കുടുംബങ്ങൾ ക്യാമ്പുകളിലാണ്. ഇതുവരെയുള്ള സർക്കാർ കണക്കുകളിൽ 191 വീടുകൾ പൂർണമായും 366 വീടുകൾ ഭാഗികമായും തകർന്നു. 672 വീടുകളിൽ വെള്ളംകയറി. 600 കുടുംബങ്ങളാണ് വീടില്ലാത്തതിനാൽ എങ്ങോട്ട് പോകണമെന്നറിയാതെ വലയുന്നത്. കൂട്ടിക്കൽ, മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി, എരുമേലി വടക്ക് വില്ലേജുകളിലാണ് വീടുകൾക്ക് നാശമേറെയും. മഴ കുറഞ്ഞതോെട ചിലർ ബന്ധുവീടുകളിലേക്ക് പോയി. താമസിയാതെ അവർക്കുമൊരു വീട് കിട്ടണം. വീടും സ്ഥലവും ഒന്നിച്ച് ഒലിച്ചുപോയവരുടെ കാര്യം ഏറെ കഷ്ടം. സർക്കാർ വീട് നൽകിയാലും എവിടെ വെക്കുമെന്നതിൽ ആശങ്കബാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3pyrKz9
via IFTTT