Breaking

Wednesday, May 13, 2020

സംസ്ഥാനത്ത് വൈനുണ്ടാക്കാൻ അനുമതി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈൻനിർമാണ യൂണിറ്റുകൾക്ക് അനുമതിനൽകാൻ വ്യവസായവകുപ്പിന്റെ തീരുമാനം. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇ.പി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്. കാർഷികോത്പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് വൈൻ നിർമാണത്തിന് അനുമതി നൽകുക. ലോക്ഡൗൺ തുടങ്ങിയശേഷം പഴവർഗമേഖലയ്ക്കുണ്ടായ നഷ്ടം 319 കോടിരൂപയാണ്. പൈനാപ്പിളിനു മാത്രം 50 കോടി നഷ്ടമുണ്ടായി. ആഭ്യന്തരവിപണി കൂട്ടുകയും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുകയുമാണ് നിലവിലെ പ്രതിസന്ധി മറികടക്കാനുള്ള മാർഗമെന്ന് മന്ത്രി പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകളാണ് നാളത്തെ കേരളത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. പഴങ്ങളിൽനിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് അനുമതി നൽകും. കശുമാങ്ങയിൽനിന്ന് വൈൻ ഉണ്ടാക്കാനുള്ള ഒരു പദ്ധതിക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഉത്പാദനച്ചെലവ് കൂടിയതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല. വാഴപ്പഴം, പൈനാപ്പിൾ എന്നിവയിൽനിന്നൊക്കെ ഒട്ടേറെ മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാനാകും. പൈനാപ്പിളിൽനിന്ന് നല്ല വൈൻ ഉത്പാദിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. പുതിയ സംരംഭം തുടങ്ങുന്നവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകാൻ സർക്കാർ നിയന്ത്രണത്തിൽ മൈക്രോ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങുമെന്നതാണ് മന്ത്രിയുടെ മറ്റൊരു പുതിയ പ്രഖ്യാപനം. 18 ശതമാനം പലിശയ്ക്കാണ് ഇപ്പോൾ മിക്ക ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകുന്നത്. സംരംഭങ്ങൾക്ക് അതിജീവിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം ഈ ഉയർന്ന പലിശയാണ്. ഇത് പരിഹരിക്കാനാണ് സർക്കാർ നിയന്ത്രണത്തിൽ ഒരു ധനകാര്യ കോർപ്പറേഷൻ തുടങ്ങുന്നത്. പലിശരഹിതമായോ കുറഞ്ഞപലിശയ്ക്കോ വായ്പ നൽകാൻ കോർപ്പറേഷന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. മൂന്നുവർഷത്തേക്ക് ലൈസൻസില്ലാതെ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ നിയമഭേദഗതി കൊണ്ടുവന്നതാണ് കേരളം ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ ഏറ്റവും നിർണായകമാകുന്നത്. കേരളത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള വ്യവസായ സൗഹൃദ അന്തരീക്ഷമാണെന്ന് ഇത് ബോധ്യപ്പെടുത്തി. കോവിഡ് പ്രതിരോധത്തിൽ കേരളം കാണിച്ച മാതൃക ഇവിടം സുരക്ഷിതമാണെന്നും തെളിയിച്ചു. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അപേക്ഷിക്കുന്ന സംരംഭങ്ങൾക്ക് ഒരാഴ്ചകൊണ്ട് അനുമതി നൽകാനും തീരുമാനിച്ചു. തിരിച്ചെത്തുന്ന പ്രവാസികളെ പങ്കാളിയാക്കി പുതിയ സംരംഭങ്ങൾ തുടങ്ങും. തൊഴിൽ സാധ്യതകൾ, ഉത്പന്നങ്ങളുടെ വിപണിസാധ്യത എന്നിവ പരിശോധിച്ചാണ് സംരംഭങ്ങൾ തുടങ്ങുക. ആഭ്യന്തര വിപണി സാധ്യതയും ചെറുകിട-ഇടത്തരം വ്യവസായങ്ങളിലൂടെ കോവിഡ് തീർത്ത പ്രതിസന്ധി മറികടക്കാനുള്ള ആസൂത്രണമാണ് വ്യവസായ വകുപ്പ് നടത്തുന്നത്. ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ച് 'സുഭിക്ഷകേരളം' പദ്ധതിയിലൂടെ കാർഷികമേഖലയിൽ ഉത്പാദനം കൂട്ടാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ, കാർഷികോത്പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങൾ ഒരുക്കുകയാണ് വ്യവസായ വകുപ്പിന്റെ ചുമതല. അതിനായി സാമ്പത്തിക സഹായവും ഭൂമിയും നൽകിയുള്ള സമഗ്രപദ്ധതിയാണ് വ്യവസായ വകുപ്പ് ആസൂത്രണം ചെയ്യുന്നത്. അതിലൊന്ന് മാത്രമാണ് വൈൻ നിർമാണം -മന്ത്രി പറഞ്ഞു. Permission to make wine in the state, says E. P. Jayarajan


from mathrubhumi.latestnews.rssfeed https://ift.tt/2zxtReC
via IFTTT