Breaking

Tuesday, May 12, 2020

വാക്‌സിന്റെ ഗവേഷണവിവരം ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി യുഎസ് ആരോപണം

വാഷിങ്ടൺ: കൊറോണവൈറസിനെ പ്രതിരോധിക്കാൻ രാജ്യം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വാക്സിന്റെ ഗവേഷണരഹസ്യങ്ങൾ ചോർത്താൻ ചൈനീസ് ഹാക്കർമാർ ശ്രമിക്കുന്നതായി അമേരിക്ക. കോവിഡ്-19 നെതിരെ അടിയന്തരമായി വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന പൊതു-സ്വകാര്യമേഖലാസ്ഥാപനങ്ങൾക്ക് ഹാക്കർമാരെ കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് എഫ്ബിഐയും ആഭ്യന്തരസുരക്ഷാവിഭാഗവുമെന്ന് പ്രമുഖ ദിനപ്പത്രങ്ങളായ വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ് എന്നിവ റിപ്പോർട്ട് ചെയ്തു. കോവിഡ്-19 നെതിരെയുള്ള വാക്സിൻ പരീക്ഷണം, വാക്സിന്റെ പൂർണവിവരം, ബൗദ്ധികസ്വത്ത് സംബന്ധിച്ച കാര്യങ്ങളും ഹാക്കർമാർ ലക്ഷ്യമിടുന്നതായാണ് സൂചന. ചൈനാഗവൺമെന്റിന്റെ അറിവോടെയാണ് ഹാക്കർമാർ പ്രവർത്തിക്കുന്നതെന്നും യുഎസ് ആരോപിക്കുന്നു. ഹാക്കർമാർക്കെതിരെയുള്ള ഔദ്യോഗിക മുന്നറിയിപ്പ് അടുത്ത ദിവസങ്ങളിൽ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. എന്നാൽ സൈബർ ആക്രമണത്തെ കുറിച്ചുള്ള എല്ലാ ആരോപണങ്ങളും ചൈന ശക്തമായി നിഷേധിച്ചു. കോവിഡ്-19 നെതിരെയുള്ള വാക്സിൻ വികസനത്തിലും കോവിഡ് ചികിത്സയിലും ചൈന ബഹുദൂരം മുന്നിലാണെന്നും തങ്ങൾക്കെതിരായ ആരോപണങ്ങളും കിംവദന്തികളും അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമാന്ത്രാലയ വക്താവ് ഴാവോ ലിജിയൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾക്കെതിരെ പെന്റഗണിന്റെയും ദേശീയ സുരക്ഷാഏജൻസിയുടേയും സൈബർ വിഭാഗങ്ങൾ നടത്താനിരിക്കുന്ന പ്രത്യാക്രമണങ്ങൾക്കുള്ള മുന്നറിയിപ്പായിരിക്കാം ചൈനക്കെതിരെയുള്ള ആരോപണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച ബ്രിട്ടണും യുഎസും സംയുക്തമായി വർധിച്ചു വരുന്ന സൈബർ ആക്രമണങ്ങളെ നിശിതമായി വിമർശിച്ചിരുന്നു. ആരോഗ്യസ്ഥാപനങ്ങളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും രഹസ്യങ്ങൾ ചോർത്താൻ ഹാക്കർമാർ ശ്രമിക്കുന്നു എന്നായിരുന്നു വിമർശനം.


from mathrubhumi.latestnews.rssfeed https://ift.tt/2YUXl0w
via IFTTT