ഡിസ്നി സ്ട്രീമിങിന്റെ മേധാവി സ്ഥാനം രാജിവെച്ച് കെവിൻ മേയർ ടിക് ടോക്കിലേക്ക്. ടിക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് കെവിൻ മേയർ എത്തുക. കൂടാതെ ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ (സിഒഒ) ആയും അദ്ദേഹം ചുമതലയേൽക്കും. വർഷങ്ങളായി കെവിൻ തങ്ങളുടെ കമ്പനിയിൽ അസാധാരണമായ സ്വാധീനമുണ്ടാക്കിയിരുന്നുവെന്ന് ഡിസ്നി സിഇഒ ബോബ് ചപെക് പറഞ്ഞു. ബൈറ്റ്ഡാൻസിന്റെ സിഒഒ എന്ന നിലയ്ക്ക് കമ്പനിയുടെ ആഗോള വളർച്ചയ്ക്ക് നേതൃത്വം നൽകുകയായിരിക്കും കെവിന്റെ ചുമതല. മ്യൂസിക്, ഗെയിമിങ്, ഹെലോ, വളർന്നുവരുന്ന വ്യവസായങ്ങൾ എന്നിവ ബൈറ്റ്ഡാൻസ് സിഒഒ സ്ഥാനത്ത് നിന്നും കെവിൻ കൈകാര്യം ചെയ്യും. ഒപ്പം ടിക് ടോക്കിന്റെ മേധാവി സ്ഥാനവും. ഇന്ന് ഏറ്റവും ജനപ്രിയമായ ടിക് ടോക്ക് ഉൾപ്പടെയുള്ള ബൈറ്റ്ഡാൻസിന്റെ ആപ്ലിക്കേഷനുകളുടെ ഖ്യാതി നിലനിർത്തുകയും മറ്റ് സോഷ്യൽ മീഡിയാ സേവനങ്ങളോട് മത്സരിക്കുന്നതിന് നേതൃത്വം നൽകുകയും കെവിന്റെ ഉത്തരവാദിത്വമാവും. ജൂൺ ഒന്ന് മുതലാണ് കെവിൻ ബൈറ്റ്ഡാൻസിൽ ചുമതല ഏൽക്കുന്നത്. ഡിസ്നി സ്ട്രീമിങിന്റെ മേധാവി സ്ഥാനത്ത് കെവിൻ മെയറുടെ ഏറ്റവും വലിയ നേട്ടമാണ് ഡിസ്നി പ്ലസ് എന്ന സ്ട്രീമിങ് സേവനം. നവംബറിലാണ് ഇതിന് തുടക്കമിട്ടത്. അഞ്ച് കോടിയോളം ഉപയോക്താക്കളിലേക്ക് ഇതിനോടകം ഡിസ്നി പ്ലസ് എത്തിക്കഴിഞ്ഞു. കൂടാതെ മുൻ ഡിസ്നി സിഇഒ ബോബ് ഐഗറുടെ കൂടെ പിക്സാർ, ലൂകാസ് ഫിലിം, മാർവെൽ സ്റ്റുഡിയോസ്, ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്സ് എന്നിവ ഏറ്റെടുക്കുന്നതിലും പങ്കാളിയായി. എന്നാൽ ഐഗർ സിഇഒ സ്ഥാനത്തേക്കുള്ള പിൻഗാമിയെ പ്രഖ്യാപിച്ചപ്പോൾ കെവിനെ പരിഗണിച്ചില്ല. പകരം ഡിസ്നി തീം പാർക്കുകളുടെ മുൻ മേധാവി ബോബ് ചപകിനെയാണ് തിരഞ്ഞെടുത്തത്. അതേസമയം ഡിസ്നി സ്ട്രീമിങ് സിഇഓ സ്ഥാനത്തേക്ക് ഡിസ്നിയുടെ ഡയറക്ട് ടു കൺസ്യൂമർ സേവനങ്ങളുടെ ചെയർമാനായ റബേക്ക കാംപ്ബെൽ എത്തും. 23 കാരിയായ കാംപ്ബെൽ മുമ്പ് ഡിസ്നിലാൻഡ് റിസോർട്ട് പ്രസിഡന്റ് ആയിരുന്നു. Content Highlights:TikTok new CEO former disney streaming chief
from mathrubhumi.latestnews.rssfeed https://ift.tt/2TjFZqz
via
IFTTT