Breaking

Saturday, May 16, 2020

അതിർത്തിയിൽ പോയാലറിയാം മലയാളിയുടെ ദൈന്യത -ഉമ്മൻചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ്. ജനപ്രതിനിധികൾ രാഷ്ട്രീയനാടകം കളിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഉമ്മൻചാണ്ടിയുടെ മറുപടി. അതിർത്തിയിൽ പോയാലറിയാം മലയാളികൾ അനുഭവിക്കുന്ന ദൈന്യതയും നിലവിളിയുമെന്ന് അദ്ദേഹം പറഞ്ഞു. പാസില്ലാതെ ഒരാളെയും കടത്തിവിടണമെന്ന് യു.ഡി.എഫിലെ ഒരാളും പറഞ്ഞിട്ടില്ല. പക്ഷേ, തീയതി മാറിപ്പോയിട്ടും വാഹനനമ്പർ തെറ്റിയിട്ടും ആട്ടിയോടിക്കുന്ന മലയാളികളെ അതിർത്തിയിൽ കാണാം. കിട്ടുന്ന വണ്ടിയിൽക്കയറിയാണ് അവർ അതിർത്തിയിലെത്തുന്നത്. അതിൽ തീയതിമാറിയെന്ന പേരിൽ ഓടിക്കുന്നത് എങ്ങനെ നീതികരിക്കാനാവും. ഈ ഘട്ടത്തിൽ ഒരുരാഷ്ട്രീയവും ആരും കാണുന്നില്ല. പക്ഷേ, അഭിപ്രായവ്യത്യാസം ചൂണ്ടിക്കാണിക്കും. വാളയാറിൽ യു.ഡി.എഫ്. ജനപ്രതിനിധികൾ പോയശേഷമാണ് പ്രശ്‌നങ്ങൾ പരിഹരിച്ചത്. അവരെ ക്വാറന്റീനിലാക്കിയത് ശരിയാണോയെന്ന് ജനങ്ങൾ പരിശോധിക്കട്ടെ. ഇതിനെ ന്യായീകരിക്കാനാണ് മാധ്യമപ്രവർത്തകരെയും മറ്റുദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കിതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ സാധരണ ജനങ്ങളെ പരിഗണിച്ചിട്ടില്ല. ചെറുകിട സംരംഭങ്ങൾക്കും കാർഷികമേഖലയ്ക്കും സഹായംനൽകുന്നത് സ്വാഗതാർഹമാണ്. പക്ഷേ, പട്ടിണിയിലായ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് എന്തുസഹായമാണ് ലഭിക്കുന്നത്. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾക്കാണ് ചുമതല. എന്നാൽ, സംസ്ഥാനത്തിന് ഒരു സഹായവുമില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കേന്ദ്രത്തിന്റെ അതേനിലപാടാണ് സംസ്ഥാന സർക്കാരിനും. എല്ലാച്ചുമതലയും തദ്ദേശസ്ഥാപനങ്ങളെ ഏൽപ്പിച്ചു. എന്നാൽ, അവർക്ക് ഒരു സഹായവും നൽകിയില്ല. മദ്യം പുറത്തുവിൽക്കാൻ ബാറുകൾക്ക് അനുമതി നൽകാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. വ്യാജമദ്യദുരന്തങ്ങൾ ആവർത്തിച്ചപ്പോഴാണ് യു.ഡി.എഫ്. സർക്കാർ മദ്യവിൽപ്പന പൊതുമേഖലയിലാക്കിയത്. അതിനെ അട്ടിമറിക്കുന്ന തീരുമാനം പഴയ അനുഭവത്തിലേക്ക് കൊണ്ടുപോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2z1hpny
via IFTTT