കൊച്ചി/കൊല്ലം: ക്വാറന്റീൻ കാലം വിരസമാകാതിരിക്കാൻ പദ്ധതികളുമായി ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്‌സ്). കാശുണ്ടെങ്കിൽ മറുനാട്ടിൽനിന്നെത്തുന്നവർക്ക് പ്രകൃതിരമണീയമായ ഇടങ്ങളിൽ ഏഴുമുതൽ പതിനാലുദിവസംവരെയുള്ള പാക്കേജുകളുണ്ട്. ഹാറ്റ്‌സിന്റെ കണ്ണൂർ യൂണിറ്റാണ് മാതൃകാപദ്ധതി ആരംഭിച്ചത്. കൂടുതൽ പ്രവാസികളുള്ള നാട് എന്നതിനാലാണ് കണ്ണൂരിനെ തിരഞ്ഞെടുത്തത്. സർവീസ്ഡ് വില്ലകളാണ് ഇതിനുപയോഗിക്കുക. ഹോംസ്റ്റേകളായി രജിസ്റ്റർചെയ്ത വീടുകൾക്കും പങ്കാളികളാകാം. എന്നാൽ, ക്വാറന്റീൻ ചെയ്യാനെത്തുന്നവർ താമസിക്കുന്ന വീടുകളിൽ മറ്റുള്ളവർ പാടില്ലാത്തതിനാൽ വീടുമാറി നിൽക്കാൻ സാധിക്കുന്ന ഉടമകളാണ് ഇതിന് രജിസ്റ്റർചെയ്തിട്ടുള്ളതെന്ന് ഹാറ്റ്‌സ് കണ്ണൂർ യൂണിറ്റ് പ്രസിഡന്റ് ഇ.വി ഹാരിസ് പറഞ്ഞു. ക്വാറന്റീൻ ചെയ്യാനെത്തുന്നവർക്ക് വീട് വിട്ടുനൽകും. ഇത്തരം 42 മുറികൾക്കാണ് കണ്ണൂർ കളക്ടർ അനുമതി നൽകിയത്. ഇതിൽ നാല് സർവീസ് വില്ലയുമുണ്ട്. വിമാനത്താവളത്തിലും ഈ താമസസൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ആദികടലായി, തോട്ടട ബീച്ചുകൾ കേന്ദ്രീകരിച്ചാണിവ. ഉത്തരവാദിത്വടൂറിസം വഴി രജിസ്റ്റർചെയ്ത കുടുംബശ്രീ കാന്റീനുകളിൽനിന്ന് ഇവർക്ക് ഭക്ഷണം എത്തിക്കും. സ്വന്തമായി പാചകം ചെയ്യേണ്ടവർക്ക് അവശ്യവസ്തുക്കൾ ചെക്ക് ഇൻ സമയത്ത് നൽകും. അല്ലെങ്കിൽ ആവശ്യമായ ഭക്ഷണം വീടിന് പുറത്തെത്തിക്കും. യോഗ, കൃഷി, പൂന്തോട്ടപരിപാലനം എന്നിവയ്ക്കുള്ള സൗകര്യങ്ങളും ആവശ്യമെങ്കിൽ നൽകും. എ.സി. മുറികൾക്ക്് 2000 മുതൽ 2500 വരെയും അല്ലാത്തവയ്ക്ക് 1250 മുതൽ 1750 രൂപ വരെയുമാണ് റേറ്റ്. താമസശേഷം ഇവരുപയോഗിച്ച എല്ലാ വസ്തുക്കളും കത്തിച്ചു കളയും. ടൂറിസം വകുപ്പ് ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കുംപണമടച്ചുള്ള ക്വാറന്റീൻ സൗകര്യമുള്ള ഹോട്ടലുകൾ കണ്ടെത്താൻ ടൂറിസം വകുപ്പിനെ സർക്കാർ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും പത്ത് ഹോട്ടലുകൾ കണ്ടെത്തി ജില്ലാഭരണകൂടത്തെ അറിയിക്കണം. നോർക്ക സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പട്ടികയിൽനിന്ന് പ്രവാസികൾക്ക് മുറികൾ നേരിട്ട് ബുക്കുചെയ്യാം. മടങ്ങിയെത്തുന്ന എല്ലാവരെയും ജില്ലാ ഭരണകൂടം നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ബുക്കുചെയ്ത ഹോട്ടലിന്റെ വൗച്ചറുകൾ കാണിച്ചാൽ അവിടേക്ക് പോകാൻ അനുവദിക്കും. ഈ ഹോട്ടലുകളിലുള്ള ഉദ്യോഗസ്ഥർ ഇവരുടെ വരവ് സ്ഥിരീകരിക്കും. ഹോട്ടൽ ജീവനക്കാർക്ക് ഇവരെ പരിചരിക്കുന്നതിന് പരിശീലനം നൽകും. ക്വാറന്റീനിലുള്ളവരെ ദിവസേന നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തണം. സർക്കാർ ക്വാറന്റീനിലുള്ളവർക്കും ഈ സംവിധാനത്തിലേക്ക് മാറാം. കെ.ടി.ഡി.സി. ഹോട്ടലുകളായ മാസ്‌കറ്റും ചൈത്രവും ഇതിനകം ക്വാറന്റീനിനായി ഒരുക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/35W15R2
via
IFTTT