ന്യൂഡൽഹി: ദുർബലമാകുന്ന സന്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കൂടുതൽ മേഖലകൾ സ്വകാര്യമേഖലയ്ക്കായി തുറന്നിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിരോധം, വ്യോമയാനം, കൽക്കരി-ധാതു ഉത്പാദനം, ബഹിരാകാശം, ആണവോർജം തുടങ്ങിയ മേഖലകളിൽ സ്വകാര്യപങ്കാളിത്തം കൂട്ടും. ഈ മേഖലകളുമായി ബന്ധപ്പെട്ട നയങ്ങളിലും നിയമങ്ങളിലും ഘടനാപരമായ മാറ്റംവരുത്തും. കോവിഡ് 19-നെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ നാലാംഘട്ടത്തിൽ ധനമന്ത്രി നിർമലാ സീതാരാമനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രതിരോധോത്പാദനരംഗത്ത് വിദേശനിക്ഷേപത്തിനുള്ള പരിധി 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി. പ്രതിരോധ ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതികൾ ഊർജിതമാക്കും. കൽക്കരി, ഖനന മേഖലയിൽ ഇപ്പോഴുള്ള സർക്കാർ നിയന്ത്രണം എടുത്തുകളയും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്വകാര്യകമ്പനികളെ ഖനനത്തിന് അനുവദിക്കും. ആകാശയാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് എയർ സ്പേസുമായി ബന്ധപ്പെട്ട് നിലവിലെ നിയന്ത്രണങ്ങൾ ഉദാരമാക്കും. ആറു വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കും. ഇപ്പോൾ വിദേശത്തുനടത്തുന്ന വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും നവീകരണവും (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) എന്നിവ ഇന്ത്യയിൽതന്നെ നടത്താൻ പ്രത്യേക ഹബ്ബ് ഉണ്ടാക്കും. ബഹിരാകാശമേഖലയിലും സ്വകാര്യപങ്കാളിത്തം അനുവദിക്കും. ഉപഗ്രഹം, വിക്ഷേപണം, ബഹിരാകാശം അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ തുടങ്ങിയവയിലാണ് സ്വകാര്യമേഖലയെ പങ്കാളിയാക്കുക. കേന്ദ്രഭരണപ്രദേശങ്ങളിൽ വൈദ്യുതിവിതരണം സ്വകാര്യവത്കരിക്കും. ആശുപത്രികളും അതുപോലുള്ള സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് നിലവിൽ നൽകുന്ന ധനസഹായം (വയബ്ലിറ്റി ഗ്യാപ് ഫണ്ടിങ്) 20 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കി. അർബുദചികിത്സയ്ക്കുള്ള മെഡിക്കൽ ഐസോടോപ് ഉത്പാദിപ്പിക്കുന്ന ഒരു ആണവറിയാക്ടർ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ സ്ഥാപിക്കും. ഭക്ഷ്യവസ്തുക്കൾ ദീർഘകാലം സൂക്ഷിച്ചുവെക്കുന്നതിന് 'ഇറേഡിയേഷൻ ടെക്നോളജി' പൊതു-സ്വകാര്യ മേഖലയിൽ നടപ്പാക്കും. വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന് ഇതുമായി ബന്ധപ്പെട്ട നയപരിപാടികൾ പരിഷ്കരിക്കും. നിക്ഷേപം ആകർഷിക്കാനും നടപടികൾ വേഗത്തിലാക്കാനും സെക്രട്ടറിതല സമിതി രൂപവത്കരിച്ചു. ഓരോ മന്ത്രാലയത്തിലും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സെൽ ഉണ്ടാക്കും. വ്യവസായങ്ങൾ തുടങ്ങാനുള്ള ഭൂമിയുടെ ലഭ്യത സംബന്ധിച്ച മാപ്പിങ് നടത്തിയിട്ടുണ്ട്. Content Highlights:Nirmala Sitharaman announces major reforms in coal, defence manufacturing
from mathrubhumi.latestnews.rssfeed https://ift.tt/2z6Zc8b
via
IFTTT