കോട്ടയം: ക്നാനായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പും പ്രധാന മെത്രാപ്പൊലീത്തായുമെന്ന സ്ഥാനം കുറിയാക്കോസ് മാർ സേവേറിയോസിന് നഷ്ടമായി. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവായാണ് പദവികൾ പിൻവലിച്ചത്. ഇനിമുതൽ മാർ സേവേറിയോസ് ക്നാനായ അതിരൂപതയിലെ ആകെയുള്ള നാല് മെത്രാപ്പൊലീത്താമാരിൽ ഒരാൾമാത്രമായിരിക്കുമെന്ന് കല്പനയിൽ പറയുന്നു. സഭയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് പലതവണ നൽകിയ നിർദേശങ്ങളും മുന്നറിയിപ്പുകളും അനുസരിക്കാത്തതിനെത്തുടർന്ന് നടപടിയെടുക്കാൻ നിർബന്ധിതനാകുകയായിരുന്നുവെന്ന് പാത്രിയാർക്കീസ് ബാവാ വ്യക്തമാക്കി. ഇതുസംബന്ധിച്ച കല്പന വെള്ളിയാഴ്ച ക്നാനായ സഭയുടെ ആസ്ഥാനമായ കോട്ടയം ചിങ്ങവനം ദയറായിൽ ലഭിച്ചു. 2007 മുതൽ ആർച്ച് ബിഷപ്പായിരുന്നു. പള്ളിവികാരിമാരുടെ നിയമനം സംബന്ധിച്ച് റാന്നി മേഖലാ മെത്രാപ്പൊലീത്താ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തായും ആർച്ച് ബിഷപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ പരാതി നൽകിയപ്പോൾ പാത്രിയാർക്കീസ് ബാവാ പ്രശ്നപരിഹാരത്തിന് നിർദേശങ്ങൾ നൽകി. ഇത് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ നടപ്പാക്കിയില്ലെന്നാണ് ആരോപണം. പ്രതിഷേധം പാത്രിയാർക്കീസ് ബാവായുടെ നടപടിയിൽ ക്നാനായ മാനേജിങ് കമ്മിറ്റി ഓൺലൈനിലൂടെ നടത്തിയ അടിയന്തരയോഗത്തിൽ പ്രതിഷേധിച്ചു. നിലവിലുണ്ടായിരുന്ന ക്നാനായസഭയുടെ വിവിധ മേഖലകൾ പിരിച്ചുവിട്ടു. ഇവിടത്തെ സഹായമെത്രാപ്പൊലീത്താമാരെ ചുമതലകളിൽനിന്ന് ഒഴിവാക്കി. മുഴുവൻ പള്ളികളുടെയും ചുമതല ഇനി സമുദായമെത്രാപ്പൊലീത്തായ്ക്ക് മാത്രമാണ്. സഹായമെത്രാൻമാരെ പള്ളികളിൽനിന്ന് ബഹിഷ്കരിക്കാനും ചടങ്ങുകളിൽനിന്ന് ഒഴിവാക്കാനും യോഗത്തിൽ തീരുമാനിച്ചു. Content Highlight: withdrew the Archbishop post of Kuriakose Mor Severios Metropolitan
from mathrubhumi.latestnews.rssfeed https://ift.tt/3fRCJwl
via
IFTTT