Breaking

Saturday, May 9, 2020

രോഗികൾ 6000 കടന്നു; മുൾമുനയിൽ തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടിൽ ദിവസംചെല്ലുന്തോറും കോവിഡ്-19 രോഗികളുടെ എണ്ണം പെരുകുന്നു.600 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ്ബാധിതരുടെ എണ്ണം 6000 കടന്നു. ഇതിൽ ചെന്നൈയിൽമാത്രം 3043 പേരുണ്ട്. മൂന്നുപേർ കൂടി വെള്ളിയാഴ്ച മരിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കും വൻതോതിൽ കോവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയർത്തുകയാണ്. പത്തിലധികം ഡോക്ടർമാർ, നാല് നഴ്‌സുമാർ, അറുപതോളം പോലീസുകാർ, പത്തിലേറെ ശുചീകരണത്തൊഴിലാളികൾ, വൈദ്യുതി ബോർഡിലെ 20 ജീവനക്കാർ, അഗ്നിശമനസേനയിലെ പത്തോളം ജീവനക്കാർ, അമ്പതോളം മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. ചെന്നൈയിലെ കോയമ്പേട് ചന്തയിൽനിന്നുമാത്രം ആയിരത്തോളം പേർക്ക് കോവിഡ് പടർന്നു. ഇതിൽ വയനാട് സ്വദേശിയുമുൾപ്പെടുന്നു. കോയമ്പേട് മാർക്കറ്റിൽ വന്നുപോയ 6900 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ കോവിഡ് ഇല്ലാതിരുന്ന അരിയല്ലൂർപോലുള്ള ജില്ലകളിലേക്കുകൂടി രോഗം വ്യാപിച്ചു. നാലു ദിവസത്തിനുള്ളിൽ മാത്രം മൂവായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴകത്തെ മുൾമുനയിൽ നിർത്തുന്നത് ചെന്നൈ നഗരമാണ്. സംസ്ഥാനത്തെ അതിതീവ്ര മേഖലകളിൽ ഭൂരിഭാഗവും ചെന്നൈയിലാണ്. രോഗം പടരുന്നതിനിടെ വ്യാഴാഴ്ച മദ്യഷാപ്പുകൾ തുറന്ന സർക്കാർ നടപടി പ്രതിഷേധത്തിനു വഴിയൊരുക്കി.* മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് കോവിഡ് വ്യാപനം തുടരുകയാണ്. വെള്ളിയാഴ്ച 1089 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 19,000 കടന്നു. മരണസംഖ്യ 700 കടന്നു. ആശങ്കയുയർത്തുന്ന ധാരാവിയിൽ വെള്ളിയാഴ്ച അഞ്ചുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 26 ആയി. 25 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 808 ആയി. മുംബൈ നഗരത്തിന്റെ നിയന്ത്രണം കരസേനയെ ഏൽപ്പിക്കുന്നു എന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ഇക്കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു. കോവിഡ് രോഗികളുടെ എണ്ണം അമിതമായി വർധിക്കുന്നത് തടയാൻകഴിയാത്ത സാഹചര്യത്തിൽ ബ്രിഹൻ മുംബൈ മുനിസിപ്പൽ കമ്മിഷണറെ സർക്കാർ വെള്ളിയാഴ്ച സ്ഥലംമാറ്റി. കമ്മിഷണർ സ്ഥാനത്തിരുന്ന പ്രവീൺ പരദേശിയെ നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാക്കി മാറ്റി. ആ സ്ഥാനത്തുണ്ടായിരുന്ന ഇഖ്ബാൽ സിങ് ചഹലിനെ മുനിസിപ്പൽ കമ്മിഷണറായി നിയമിച്ചു. ബി.എം.സി.യുടെ കീഴിലുള്ള സയൺ ഹോസ്പിറ്റലിൽ മൃതദേഹങ്ങൾക്കിടയിൽ രോഗികൾ കിടക്കുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് കമ്മിഷണർ പരദേശിയെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്.*ഗുജറാത്തിൽ 449 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7000 കടന്നു. വെള്ളിയാഴ്ച മാത്രം 24 പേർ മരിച്ചു; ഇതിൽ 22 പേരും അഹമ്മദാബാദിലാണ്. 269 േപർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 5,260 ആയി ഉയർന്നു. മരണസംഖ്യ 343 ആണ്. *കർണാടകത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. ബെംഗളൂരു അടക്കമുള്ള ജില്ലകളിൽ 48 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പേർക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത്. 376 പേർ രോഗം മാറി ആശുപത്രി വിട്ടു. നിലവിൽ 346 പേരാണ് ചികിത്സയിലുള്ളത്. ഏഴ് പേർക്കുകൂടി രോഗം ബാധിച്ചതോടെ ബെംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം 163 ആയി.


from mathrubhumi.latestnews.rssfeed https://ift.tt/2WDGE7l
via IFTTT