തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും ആളുകളെത്തുന്നതോടെ, സംസ്ഥാനത്ത് നേർരേഖയിലായ കോവിഡ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരുമെന്ന ഭീതിയിൽ ആരോഗ്യവകുപ്പ്.ഗൾഫിൽനിന്നെത്തിയ രണ്ടുപേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവരുടെ അടുത്തിരുന്നുയാത്രചെയ്തവരടക്കം എല്ലാവരും നേരത്തേതന്നെ നിരീക്ഷണത്തിലാണെന്നത് പ്രതിരോധനടപടികൾ എളുപ്പമാക്കുന്നുണ്ട്.പ്രവാസികൾക്കായി 207 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കാനുള്ള തയ്യാറെടുപ്പുകളും സർക്കാർ നടത്തിയിട്ടുണ്ട്.വിദേശത്തുനിന്നെത്തുന്നവരിൽ രോഗം റിപ്പോർട്ട് ചെയ്യുന്നത് നമ്മുടെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷാസംവിധാനങ്ങൾ പൂർണ ജാഗ്രതയോടെ തുടരണമെന്ന മുന്നറിയിപ്പാണിത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതും രോഗവ്യാപനം തടയുന്നതും പ്രധാനചുമതലായി സർക്കാർ ഏറ്റെടുക്കുകയാണ്. ലോകത്തിന്റെ ഏതുഭാഗത്ത് കുടുങ്ങിയാലും മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിരീക്ഷണകേന്ദ്രത്തിലും ഡോക്ടർപ്രവാസികളെ പാർപ്പിക്കുന്ന എല്ലാ നിരീക്ഷണകേന്ദ്രത്തിലും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. നിരീക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പുചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. സൗകര്യമൊരുക്കാൻ ദുരന്തനിവാരണഫണ്ടിൽനിന്ന് ഏപ്രിൽ ഒന്നുമുതൽ 13.45 കോടി അനുവദിച്ചു.കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവരെയും ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. കോവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് കെയർ സെന്ററുകൾ. നിരീക്ഷണത്തിലുള്ളവർക്കായി ഇ-ജാഗ്രത എന്ന മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടെങ്കിൽ വീഡിയോകോൾ വഴി ഡോക്ടർമാർ അവരെ ബന്ധപ്പെടും. ചെറിയ രോഗലക്ഷണമുള്ളവർക്ക് ടെലിമെഡിസിനിലൂടെ ഡോക്ടർമാർ മരുന്ന് നിർദേശിക്കും. ആരോഗ്യ പ്രവർത്തകർ ആ മരുന്ന് എത്തിക്കും. ആവശ്യമെങ്കിൽ മെഡിക്കൽ സംഘം ചർച്ചചെയ്ത് അവരെ ആശുപത്രിയിലേക്കുമാറ്റാൻ നിർദേശിക്കും. ഉടൻ ആംബുലൻസ് അയച്ച് ആശുപത്രിയിലെത്തിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3bjSw3J
via
IFTTT