Breaking

Sunday, May 10, 2020

ഒരമ്മയുടെ ഹൃദയം മറ്റൊരമ്മയ്ക്കായി പറന്നുയർന്നപ്പോൾ

തിരുവനന്തപുരം: അമ്മയുടെ മിടിക്കുന്ന ഹൃദയം മറ്റൊരമ്മയുടെ ജീവനുവേണ്ടി പറക്കുമ്പോൾ ഒരു വാക്കുരിയാടാനാവാതെ ഒരു മകൾ സലാലയിലായിരുന്നു. എന്നെന്നും ഉള്ളുനീറ്റുന്ന വേദനയായി, ജീവന്റെ പാതിയായ അമ്മ പോകുന്നത് അച്ഛനടുത്ത് രണ്ടുമക്കൾ കണ്ടുനിന്നു. ഈ അമ്മ ഒടുവിൽ മടങ്ങിയത് ഹൃദയവും കണ്ണുകളും വൃക്കകളുമൊക്കെ ദാനംചെയ്ത്.ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ ആർ. ഗോപകുമാറിന്റെ ഭാര്യ ലാലി(50)യുടെ ഹൃദയമിടിപ്പ് കോതമംഗലം ഭൂതത്താൻകെട്ട് ശങ്കരത്തിൽ ലീനാ ഷിബു(49)വിന് നൽകാൻ ശനിയാഴ്ച തിരുവനന്തപുരം കിംസ് ആശുപത്രിയിൽനിന്ന് കൊച്ചിയിലിലേക്ക് ഹെലിക്കോപ്റ്റർ പറക്കുമ്പോൾ മൂന്നു മക്കൾക്ക് അമ്മയെ മാത്രമല്ല ഒട്ടേറെ കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപികയുമാണ് ഇല്ലാതായത്. ‘‘ഞങ്ങൾക്ക് അമ്മയില്ലാതായതിന്റെ വേദന ദിവസങ്ങളായി അനുഭവിക്കുകയാണ്. അമ്മ എല്ലാവരെയും സഹായിക്കുമായിരുന്നു. അമ്മയുടെ ഹൃദയം മറ്റൊരു കുടുംബത്തിന് അമ്മയെ നൽകുന്നു. ഞങ്ങളുടെ വേദന അവർക്കില്ലാതാകട്ടെ. അമ്മയുടെ ഹൃദയം മറ്റൊരാളിലൂടെ ജീവിക്കും. ഞങ്ങളെപ്പോലെ കരയുന്നവർക്കൊരു സഹായം’’- കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജ് വിദ്യാർഥിനി മകൾ ദേവിക വിതുമ്പി. സലാലയിൽ നഴ്‌സായ മൂത്തമകൾ ഗോപികയ്ക്ക് അമ്മയെ ഒരുനോക്കു കാണാനായില്ലെന്നതാണ് ഇവരുടെ മറ്റൊരു ദുഃഖം. ഓരോ നിമിഷവും നാട്ടിൽനിന്നുള്ള വിളികൾക്ക് ഗോപികയും സലാലയിൽ അക്കൗണ്ടന്റായ ഭർത്താവ് ശരത്തും കാതോർത്തിരിക്കുന്നു.മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ ചികിത്സിച്ച ഡോ. രാമൻ മുരളീധരനാണ് അവയവദാനത്തെപ്പറ്റി ഓർമിപ്പിച്ചത്. ഉള്ളൂരിൽ കോമൺസർവീസ് സെൻറർ നടത്തുന്ന അച്ഛനുമായും നെടുമങ്ങാട് മോഹൻദാസ് എൻജിനിയറിങ് കോളേജിൽ ബിടെക്കിനു പഠിക്കുന്ന അനുജൻ ഗോപീഷുമായും കൂടിയാലോചിച്ചത് ദേവികയാണ്. തുടർന്ന് ചേച്ചിയുമായും ഭർത്താവ് ശരത് ബാബുവുമായും സംസാരിച്ചു. നാലുമാസം മുമ്പാണ് ഗോപിക സലാലയ്ക്കു പോയത്. അമ്മഹൃദയത്തെ യാത്രയാക്കാൻ ശനിയാഴ്ച അച്ഛനും രണ്ടു മക്കളും ഹെലിക്കോപ്റ്ററിനടുത്തുണ്ടായിരുന്നു. മറ്റു ശസ്ത്രക്രിയകൾ തീരുംവരെ ആശുപത്രിയിൽ തങ്ങി. ഇനി തിങ്കളാഴ്ച രാവിലെ അന്ത്യകർമങ്ങൾക്കും ഇവരൊക്കെ മാത്രം.


from mathrubhumi.latestnews.rssfeed https://ift.tt/2SSvmed
via IFTTT