ന്യൂഡൽഹി: വിദേശത്തുകുടുങ്ങിയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേഭാരതി’ന്റെ രണ്ടാം ഘട്ടത്തിൽ 10 രാജ്യങ്ങൾ. ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, റഷ്യ, ജർമനി, താജിക്കിസ്താൻ, ഉസ്‌ബെക്കിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, യുക്രൈൻ എന്നീ രാജ്യങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15 മുതൽ 22 വരെയാണ് രണ്ടാം ഘട്ടം നടപ്പാക്കുന്നത്. വന്ദേഭാരതിന്റെ മൂന്നാംഘട്ടത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയായിരിക്കും നാട്ടിലെത്തിക്കുകയെന്നാണ് സൂചന.രണ്ടാംഘട്ടത്തിൽ എയർഇന്ത്യയ്ക്ക് പുറമേ അതത് രാജ്യങ്ങളുടെ ചില വിമാനക്കമ്പനികളും ദൗത്യത്തിൽ പങ്കെടുക്കും. ഇതനുസരിച്ച് താജിക്കിസ്താനിൽ നിന്നുള്ള ആദ്യ ഇന്ത്യൻസംഘത്തെ നാട്ടിലെത്തിക്കുന്നത് താജിക്കിസ്താന്റെ വിമാനക്കമ്പനിയാണ്. മോൾഡോവയിൽ കുടുങ്ങിയിരിക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള ചർച്ച പുരോഗമിക്കുന്നതായി ഔദ്യോഗികകേന്ദ്രങ്ങൾ പറഞ്ഞു. ഇവരെ രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2Z0pt2H
via
IFTTT