Breaking

Sunday, May 10, 2020

കോവിഡ് ബാധിച്ച യുവതി ജന്മംനൽകിയത് ആരോഗ്യമുള്ള മൂന്നുകുട്ടികൾക്ക്

മുംബൈ: കോവിഡ്‌രോഗിയുടെ പ്രസവമെടുക്കാനാവില്ലെന്നുപറഞ്ഞ് ഏഴ്‌ സ്വകാര്യ ആശുപത്രികൾ മടക്കിയ 24-കാരിക്ക്‌ സുഖപ്രസവത്തിൽ പിറന്നത് ആരോഗ്യവാൻമാരായ മൂന്നുകൺമണികൾ. സർക്കാർ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ട് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കുമാണ് ഇവർ ജന്മംനൽകിയത്. എല്ലാവർക്കും രണ്ടുകിലോയ്ക്കുമുകളിൽ തൂക്കമുണ്ടെന്ന് യുവതി പ്രസവിച്ച നായർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. ആശുപത്രികൾ സ്ഥിരമായി മടക്കിയതോടെ കോവിഡ് കാലത്ത് തനിക്ക് ആശുപത്രിയിൽ പ്രസവിക്കാൻ കഴിയുമോ എന്നുപോലും യുവതിക്ക് സംശയമായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒൻപതുമാസമായി പരിചരിച്ചിരുന്ന ഡോക്ടറും അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും ഇവർക്ക് പ്രവേശനം നിഷേധിച്ചു. തുടർന്നാണ് നഗരത്തിലെ മറ്റുപല ആശുപത്രികളിലും ഇവർ കയറിയിറങ്ങിയത്. ‘‘കുട്ടികൾക്കാർക്കും കോവിഡ് ഇല്ല. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിൽ പ്രശ്നമില്ല. അമ്മ മുഖാവരണം ധരിച്ചിരിക്കണമെന്നുമാത്രം. സാധാരണരീതിയിലാണ് യുവതി ഗർഭം ധരിച്ചത്. മൂന്നുകുഞ്ഞുങ്ങളുള്ളതിനാൽ ഓപ്പറേഷൻ വേണ്ടിവന്നു. ഇത് അവരുടെ ആദ്യത്തെ പ്രസവമാണ്. കോവിഡ് രോഗികൾ മാത്രമുള്ള ആശുപത്രിയായതിനാൽ ഇവിടെ രോഗികളെയല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാറില്ല. എന്നാൽ, ഇക്കാര്യത്തിൽ ഞങ്ങൾ യുവതിയുടെ ഭർത്താവിനെയും അടുത്തുനിർത്തിയിരുന്നു’’ -പ്രസവത്തിന് നേതൃത്വം നൽകിയ നായർ ആശുപത്രിയിലെ ഡോ. പത്മജ കുംഭാർ പറഞ്ഞു. നായർ ആശുപത്രിയിൽ ഗർഭിണികളായ കോവിഡ് രോഗികൾക്ക് ഒരു പ്രത്യേക വാർഡുതന്നെ തുറന്നിട്ടുണ്ട്. കോവിഡ് ബാധിക്കുന്ന ഗർഭിണികളെ ചികിത്സിക്കാൻ പല ആശുപത്രികളും വിസമ്മതിക്കുന്നത് നിത്യസംഭവമായതിനെത്തുടർന്നാണ് 110 കിടക്കകളുള്ള ഇത്തരത്തിലൊരു വാർഡ് ഇവിടെ സജ്ജീകരിച്ചത്. ഇതുവരെ 40 കോവിഡ് രോഗികൾ ഇവിടെ പ്രസവിച്ചുകഴിഞ്ഞു. പക്ഷേ, ഒരു കുഞ്ഞിനുപോലും കോവിഡ് ബാധയില്ലായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2WEf7m4
via IFTTT